തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലക്ടറേറ്റിൽ ബുധൻ രാവിലെ പത്തിനാണു യോഗം. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, പൂരവുമായി ബന്ധപ്പെട്ട മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഇത്തവണയുൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിലാണു യോഗം. ജനങ്ങളോടു കൂടുതൽ സഹകരിച്ച് അടുത്ത തവണ തൃശൂർ പൂരം നടത്താനുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണു സൂചന. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കും. അടുത്ത വർഷത്തെ പൂരത്തിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണു തൃശൂർ എംപി കൂടിയായ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്.
പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ ഇടപെടലിൽ ഇത്തവണ പൂരം അലങ്കോലമായിരുന്നു. രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവയ്ക്കാൻ തീരുമാനിച്ചു. പൂരപ്പന്തലിലെ ലൈറ്റുകൾ അണച്ചു. വെടിക്കെട്ടും അനിശ്ചിതത്വത്തിലായി. തൃശൂർ പൂരം അട്ടിമറിക്കപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിനും പ്രതിസന്ധികളെക്കുറിച്ചു പഠിച്ചു പരിഹാരം നിർദേശിക്കാനുമായി ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു.