തിരുവനന്തപുരം; എൺപത്തിനാല് വയസുള്ള പാര്ക്കിൻസൺ രോഗിയായ ഫാ . സ്റ്റാൻ സ്വാമി എന്ന വൃദ്ധ സന്യാസിയെ നിശബ്ദനാക്കാൻ ഏതറ്റംവരെയാണ് മോദി ഭരണകൂടം പോയതെന്ന് ഇപ്പോഴാണ് നമുക്കു പൂര്ണ്ണമായും മനസിലാകുന്നതെന്ന് ടിഎം തോമസ് ഐസക്.
സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂര്ദ്ദ് സ്വാമിയുടെ മരണമെന്നും തോമസ് ഐസക് വ്യക്തമാക്കി.
സോഷ്യോളജി പണ്ഡിതനും അധ്യാപകനുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആദിവാസികളുടെ ഉന്നമനത്തിനായാണ് ഉഴിഞ്ഞുവച്ചത്. നാം അറിയുന്ന അര്ത്ഥത്തില് അദ്ദേഹം ഒരു ആക്ടിവിസ്റ്റുപോലും ആയിരുന്നില്ല. പക്ഷേ, ദളിത്-ആദിവാസി അവസ്ഥകളെക്കുറിച്ച് നിശിതമായ വിശകലനങ്ങളും തുറന്നുകാണിക്കലുകളും അദ്ദേഹം നടത്തി. കേസുകളിൽ പങ്കാളിയായി. മരണാനന്തരം അദ്ദേഹത്തിന്റെ ഹര്ജി പരിഗണിച്ച മഹാരാഷ്ട്ര ഹൈക്കോടതി അദ്ദേഹത്തിന്റെ ആതുരസേവനത്തെ പ്രകീർത്തി ച്ചു. ഈ പരാമര്ശം പിന്വലിക്കാൻ പെറ്റീഷൻ കൊടുത്തിരിക്കുകയാണ് എന്‌ഐഎ. എന്താണ് ഈ വൃദ്ധ താപസൻ ചെയ്ത കുറ്റം?
രാജ്യത്ത് ലഹള ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നു പറഞ്ഞു ഭീമ കൊറേഗാവ് കേസിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഒട്ടേറെപേരെ അറസ്റ്റ് ചെയ്തു. പലരും പണ്ഡിതരും ദളിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു പ്രവര്ത്തിക്കുന്നവരുമായിരുന്നു. ഇതിൽ ഫാ . സ്വാമിയെ അറസ്റ്റ് ചെയ്യാൻ എന്‌ഐഎ ചൂണ്ടിക്കാട്ടിയ തെളിവുകൾ (നാല്പതോളം ഫയലുകൾ ) സ്വാമിയുടെ ലാപ് ടോപ്പിൽ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകി കയറ്റിയതാണ് എന്ന് ആര്സെനൽ കണ്സള്ട്ടിംഗ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറന്സിക് സ്ഥാപനം കണ്ടെത്തിയിരിക്കുന്നു.
കൂട്ടുപ്രതി റോണാ വില്സന്റെ ലാപ് ടോപ്പിലും കൃത്രിമ തെളിവുകൾ സ്ഥാപിച്ചതിന്റെ റിപ്പോര്ട്ടുകൾ നേരത്തേ പുറത്തു വന്നിരുന്നു.
2017-നും 2019-നും ഇടയ്ക്കാണ് ഇത്തരത്തിൽ 40 ഫയലുകൾ ഫാ . സ്റ്റാൻ സ്വാമിയുടെ ലാപ് ടോപ്പില് തിരുകി കയറ്റിയത്. ഈ അട്ടിമറി നടത്തിയവര്ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോകാൻ ദിവസത്തെക്കുറിച്ചും തിരിച്ചറിവ് ഉണ്ടായിരുന്നു. കാരണം അറസ്റ്റിനു തൊട്ടുമുമ്ബ് തങ്ങളുടെ ഹാക്കിംഗ് തെളിവുകള് നശിപ്പിക്കുന്നതിനുള്ള നടപടികള് അവർ എടുത്തുവെന്നും ഇപ്പോൾ വ്യക്തമാണ്.
ഈ വെളിപ്പെടുത്തൽ മോദി സര്ക്കാരിന്റെയും അന്വേഷണ ഏജന്സികളുടെയും ഗൂഢപ്രവര്ത്തനങ്ങൾ സംബന്ധിച്ച ഏറ്റവും നിശിതവിമര്ശനമാണ്.
അവര്ക്ക് ഇഷ്ടമില്ലാത്തവര്ക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കുന്ന ഒരു ഗൂഢഭീകരസംഘമായി എന്‌ഐഎ അധപതിച്ചിരിക്കുന്നു. ഇത്രയും വിവാദമുണ്ടായിട്ടും എന്‌ഐഎയോ കേന്ദ്ര സര്ക്കാരോ ഇതുവരെ ഒരു വിശദീകരണമോ നിഷേധമോ ആയിട്ടുവന്നിട്ടില്ല. തെറ്റായ കുറ്റങ്ങൾ ചുമത്തപ്പെട്ട് തടങ്കലിലെത്തിയ അദ്ദേഹത്തോട് നീതി പീഠവും ദയ കാട്ടിയില്ല. ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിന്റെയും വെളിച്ചം പരത്തിയ സ്റ്റാൻ സ്വാമിയ്ക്കുണ്ടായ ദുര്വിധിയിലൂടെ ചരിത്രത്തിൽ രാജ്യത്തിന്റെ ശിരസ് എന്നേക്കുമായി കുനിഞ്ഞു താഴുകയാണ്.
കാരണം, മനുഷ്യത്വത്തിനു മേൽ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായിത്തന്നെ ഈ അനീതിയെ കാലം വിധിക്കും. ജയിലിൽ ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകള് കൊണ്ട് ഗ്ലാസ് ഉയര്ത്തി വെള്ളം കുടിക്കാൻ കഴിയാതായപ്പോള്ൾ സ്ട്രോ പോലും അധികൃതർ നിഷേധിച്ചു. നമ്മുടെ കോടതിക്ക് 50 ദിവസം വേണ്ടിവന്നു ജയിലധികൃതരെ കൊണ്ട് സ്ട്രോ ലഭ്യമാക്കണമെന്ന അപേക്ഷ സ്വീകരിപ്പിക്കാൻ . പിശാചുക്കൾ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത. കണ്മുന്നിലിരിക്കുന്ന ദാഹജലം ഒരിറക്കു കുടിക്കാൻ കഴിയാതെ ഒരു മനുഷ്യജീവി മരണപ്പിടച്ചിൽ പിടയുന്നത് കണ്ടു നില്ക്കുന്ന അധികാരികളും ഭരണ സംവിധാനവും. ഈ ക്രൂരതയ്ക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തില്പ്പോലും സമാനതകളില്ല.
വരിയുടയ്ക്കപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാദർ സ്റ്റാന്ൻ സ്വാമി. ഇനിയെങ്കിലും ഭീമ കൊറേഗാവ് തടവുകാരെ മുഴുവന് മോചിപ്പിക്കാനുള്ള നട്ടെല്ല് കോടതിക്ക് ഉണ്ടാകണമെന്നും ഐസക് പറഞ്ഞു