ന്യൂഡല്‍ഹി: ശ്രദ്ധ വോള്‍ക്കര്‍ വധക്കേസില്‍ 3000 പേജുള്ള കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം. 100 പേരുടെ സാക്ഷിമൊഴികള്‍, ഇലക്‌ട്രോണിക്, ഫോറന്‍സിക് തെളിവുകള്‍, പ്രതി അഫ്താബ് പൂനവാലയുടെ കുറ്റസമ്മത മൊഴി, നര്‍ക്കോട്ടിക് പരിശോധനാ ഫലങ്ങള്‍ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കരട് കുറ്റപത്രം ഇപ്പോള്‍ നിയമവിദഗ്ദ്ധരുടെ പരിശോധനയിലാണ്. തുടര്‍ന്ന് കോടതിയില്‍ സമര്‍പ്പിക്കും.
2022 മെയ് 18നാണ് അഫ്താബ് തന്‍റെ പങ്കാളി ശ്രദ്ധ വോള്‍ക്കറെ കൊലപ്പെടുത്തിയത്. മൃതദേഹം 35 കഷ്ണങ്ങളായി മുറിച്ച് മൂന്നാഴ്ച ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം തടയാന്‍ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു. 18 ദിവസം കൊണ്ട് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ വാള്‍ക്കര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മുംബൈയിലെ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്നതിനിടെ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ ബന്ധം വീട്ടുകാര്‍ അംഗീകരിക്കാതായതോടെ ഇവര്‍ ഡല്‍ഹിയിലേക്ക് താമസം മാറി. അഫ്താബിനെ വിവാഹം കഴിക്കാന്‍ ശ്രദ്ധ നിര്‍ബന്ധിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
.