കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധനക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സിസ്റ്റര്‍ സെഫിക്ക് പരിശോധന നടത്തിയത് ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണ്. കേസിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ സെഫിക്ക് മനുഷ്യാവകാശ ലംഘനത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ വിധിച്ചു.
2009 ല്‍ കേസ് അന്വേഷിച്ചിരുന്ന സിബിഐ സംഘം നടത്തിയ കന്യകാത്വ പരിശോധനക്കെതിരെ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജിയിലാണ് വിധി. അന്വേഷണവേളയില്‍ പോലീസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലോ വച്ച് കുറ്റാരോപിതയുടെ കന്യകാത്വ പരിശോധന നടത്തുന്നത് പൗരന്റെ സ്വകാര്യതയും അന്തസും ഹനിക്കുന്നതാണ്. പോലീസ് കസ്റ്റഡിയില്‍ കഴിയുമ്ബോള്‍ പൗരന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഇരയാണോ പ്രതിയാണോ എന്നത് പരിശോധന നടത്താനുള്ള ന്യായീകരണമല്ലെന്നും കോടതി നിരീക്ഷിച്ചു.