നോയിഡ :സൈന്യത്തില്‍ ചേരാനുള്ള മോഹവുമായി രാത്രി പത്തു കിലോമീറ്ററോളം ഓടുന്ന 19 കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു .
സംവിധായകന്‍ വിനോദ് കാപ്രി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രദീപ് മെഹ്‌റയെ അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മെഹ്‌റക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവ. ‘അവന്റെ ആവേശം അഭിനന്ദനാര്‍ഹമാണ്. റിക്രൂട്ട്മെന്റ് ടെസ്റ്റുകളില്‍ അവനെ സഹായിക്കുന്നതിന്, കുമയോണ്‍ റെജിമെന്റിന്റെ കേണല്‍, ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ റാണ കലിത എന്നിവരുമായി ഞാന്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. തന്റെ റെജിമെന്റിലേക്ക് തെരഞ്ഞെടുക്കാന്‍ ആവശ്യമായ എല്ലാം പരിശീലനവും അദ്ദേഹം അവന് നല്‍കും. ജയ് ഹിന്ദ്” റിട്ട. ജനറല്‍ ട്വീറ്റില്‍ പറഞ്ഞു.
തെഹ്രിയിലെ പാര്‍ലമെന്റ് അംഗം വിജയ് ലക്ഷ്മിയും 50,000 രൂപ ധനസഹായം വാഗ്ദാനം ചെയ്തു. കൂടാതെ, നോയിഡ പൊലീസ് കമ്മീഷണറും അവന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സെക്ടര്‍ 16-ലെ മക്ഡൊണാള്‍ഡ്സിലെ ജീവനക്കാരനാണ് പ്രദീപ്.
രണ്ട് വര്‍ഷം മുമ്ബാണ് സേനയില്‍ ചേരാന്‍ പ്രദീപ് ആദ്യ ശ്രമം നടത്തിയത്. റിക്രൂട്ട്മെന്റ് ടെസ്റ്റ് പാസാക്കുന്നതിന് ഒരു ഉദ്യോഗാര്‍ത്ഥി 5 മിനിറ്റിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓടണമായിരുന്നു. എന്നാല്‍ പ്രദീപ്ന് അതിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് ദിവസവും പത്ത് കിലോമീറ്റര്‍ ഓടി പരിശീലിക്കാന്‍ ആരംഭിച്ചത്.
വിനോദ് കാറിലിരുന്ന് ചിത്രീകരിച്ച ഈ വീഡിയോ, സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.