ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൊലപ്പെടുത്താന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നതായി എ.എ.പി.
തിഹാര്‍ ജയിലില്‍ കൊടും കുറ്റവാളികള്‍ക്കൊപ്പമാണ് സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
‘ഗൂഢാലോചന പ്രകാരം മനീഷ് സിസോദിയയെ തിഹാര്‍ ജയിലിലെ ഒന്നാം നമ്ബര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സാധാരണയായി വിചാരണതടവുകാരെ രാജ്യത്തെ കൊടും കുറ്റവാളികള്‍ കഴിയുന്ന ഒന്നാം നമ്ബര്‍ ജയിലില്‍ താമസിപ്പിക്കാറില്ല. എന്തുകൊണ്ടാണ് കോടതി ഉത്തരവിന് വിരുദ്ധമായി അദ്ദേഹത്തെ ഇവര്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നത്’- ഭരദ്വാജ് വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു. ജയിലിനുള്ളില്‍ വെച്ച് സിസോദിയ കൊല്ലപ്പെട്ടേക്കാമെന്ന് എ.എ.പി എം.പി സഞ്ജയ് സിങ്ങും പറഞ്ഞിരുന്നു.
മാര്‍ച്ച് 20 വരെ സിസോദിയയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഡല്‍ഹി പ്രത്യേക കോടതിയുടെ വിധിക്ക് പിന്നാലെ തിങ്കളാഴ്ചയാണ് തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.