ന്യൂഡല്‍ഹി: മുദ്രവെച്ച കവറില്‍ കോടതിയില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.
സായുധ സേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ‘ഒരേ റാങ്ക്, ഒരേ പെന്ഷന്’ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഹര്‍ജിയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് അറിയിച്ച് അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഒന്നുകില്‍ അത് വായിച്ച് കേള്‍പ്പിക്കുകയോ അല്ലെങ്കില്‍ തിരിച്ചെടുക്കുകയോ ചെയ്യണമെന്ന് അദ്ദേഹം അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു.
ഞങ്ങള്‍ രഹസ്യ രേഖകളോ മുദ്രവെച്ച കവറുകളോ എടുക്കില്ല. വ്യക്തിപരമായി ഇതിനെ എതിര്‍ക്കുന്നു. കോടതിയില്‍ സുതാര്യത ഉണ്ടാകണം. മുദ്രവെച്ച കവര്‍ സമര്‍പ്പിക്കുന്ന സമ്ബ്രദായം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സുപ്രീം കോടതിയും ഇത് പിന്തുടര്ന്നാല് ഹൈക്കോടതികളും ഇത് പിന്തുടരുമെന്നും ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോട് പറഞ്ഞു.
മുദ്രവെച്ച കവറുകള്‍ ജുഡീഷ്യല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു ഉറവിടമോ ആരുടെയെങ്കിലും ജീവനോ അപകടത്തിലാണെങ്കില്‍ മാത്രമേ ഈ രീതി സ്വീകരിക്കാന്‍ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.