തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ തമിഴ് നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ മീര മിഥുനെ അറസ്റ്റു ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
നടി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. നടിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ബെഞ്ചാണ് നിര്‍ദ്ദേശിച്ചത്.
പുറത്തുവരാനിരിക്കുന്ന സിനിമയായ ‘പേയ് കാണോ ‘മിന്റെ വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റിലാണ് നടി എം,കെ സ്റ്റാലിനെതിരെ അശ്ലീലവും ആക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ സൈബര്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
ഗ്രൂപ്പില്‍ ശബ്ദ സന്ദേശം വന്ന സമയത്ത് താന്‍ ഒരു ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. നിര്‍മ്മാതാവില്‍ നിന്ന് പ്രതിഫലം ആവശ്യപ്പെട്ടതിനാലാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും നടി ആരോപിച്ചു. എന്നാല്‍, ഇവര്‍ സ്ഥിരമായി ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നയാളാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് എസ്. സന്തോഷ് ചൂണ്ടിക്കാണിച്ചു.
നേരത്തെ, സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ദളിത് അധിക്ഷേപത്തിന് സൈബര്‍ വിംഗ് പോലീസ് നടിക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ഇവരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെ ആലപ്പുഴയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ബിഗ് ബോസ് ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ മീര പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്നയാളാണ്.