കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് ജയില്‍ മോചിതനായി. പത്ത് മാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.
വാഹനമോടിക്കുന്നതിനിടെയുള്ള തര്‍ക്കമാണ് അദ്ദേഹത്തെ ജയിലിലെത്തിച്ചത്. സിദ്ദു മര്‍ദിച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 34 വര്‍ഷം മുമ്ബാണ് സംഭവം നടന്നത്. പട്യാലയിലെ ജയിലിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്. അതേസമയം ജയില്‍ മോചിതനായതിന് പിന്നാലെ സ്ഥിരം സ്റ്റൈലിലായിരുന്നു സിദ്ദുവിന്റെ പ്രതികരണം.
ജനാധിപത്യത്തിന് ഇപ്പോള്‍ വിലങ്ങിട്ടിരിക്കുകയാണെന്ന് സിദ്ദു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ലക്ഷ്യമിട്ടായിരുന്നു പരാമര്‍ശം. പഞ്ചാബ് ഈ രാജ്യത്തിന്റെ പരിചയാണ്. ഈ രാജ്യത്ത് ഏകാധിപത്യം വന്നപ്പോള്‍, അതിനെ തടയാന്‍ രാഹുല്‍ ഗാന്ധിയുടെ രൂപത്തില്‍ വിപ്ലവവും വന്നിട്ടുണ്ടെന്ന് സിദ്ദു പറഞ്ഞു.എഎപി പഞ്ചാബില്‍ ഭരണത്തിലെത്തിയതോടെ കേന്ദ്രം പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നോക്കിയെന്നും സിദ്ദു ആരോപിച്ചു.
അതേസമയം ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിംഗും അദ്ദേഹത്തിന്റെ അനുയായികളും പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനിടെയാണ് സിദ്ദു സംസ്ഥാനത്തെത്തിയതും, പരാമര്‍ശങ്ങള്‍ നടത്തിയതും. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതൊരു ഗൂഢാലോചനയാണ്. പഞ്ചാബിനെ ദുര്‍ബലമാക്കാനാണ് അവരുടെ ശ്രമം. രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും, ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമൊപ്പം ഞാന്‍ മതില്‍ പോലെ ഉറച്ചുനില്‍ക്കുമെന്നും സിദ്ദു പറഞ്ഞു.
ഇന്ന് രാജ്യത്ത് ജനാധിപത്യമെന്ന് പറയുന്നത് ഇല്ല. ന്യൂനപക്ഷങ്ങളെ കേന്ദ്രം ടാര്‍ഗറ്റ് ചെയ്യുകയാണ്. പഞ്ചാബിനെ ദുര്‍ബലമാക്കാന്‍ നോക്കിയാല്‍ നിങ്ങളാണ് ദുര്‍ബലമാകുകയെന്ന് ജയിലില്‍ നിന്നിറങ്ങിയ ഉടനെ സിദ്ദു പറഞ്ഞു. എന്റെ സഹോദരനായ പഞ്ചാബ് മുഖ്യമന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത്, എന്തിനാണ് നിങ്ങള്‍ പഞ്ചാബിലെ ജനങ്ങളെ വിഡ്ഡികളാക്കിയതെന്നാണ്. നിങ്ങള്‍ ഒരുപാട് മികച്ച വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. ഒരുപാട് തമാശകള്‍ പറഞ്ഞു. എന്നാല്‍ ഇന്ന് നിങ്ങള്‍ വെറും കടലാസിലെ മുഖ്യമന്ത്രി മാത്രമാണെന്നും ഭഗവന്ത് മന്നിനോട് സിദ്ദു പറഞ്ഞു.
തന്റെ പുറത്തുവിടുന്നതിന് മുമ്ബ് മാധ്യമങ്ങളെ ജയില്‍ പരിസരത്ത് നിന്ന് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സിദ്ദു കുറ്റപ്പെടുത്തി.സുപ്രീം കോടതി കഴിഞ്ഞ വര്‍ഷമാണ് സിദ്ദുവിനെ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.