മുംബയ്: മഹാരാഷ്ട്ര ഇരട്ടക്കൊലപാതക കേസില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും പൊലീസ് വലയത്തില്‍ ഈ മാസം 15ന് അര്‍ദ്ധരാത്രി ഗുണ്ടകള്‍ വെടിവച്ച് കൊന്ന സംഭവത്തിലാണ് നടപടി.
ഷാഹ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ അശ്വിനി കുമാര്‍ സിംഗ്, രണ്ടു ഇന്‍സ്പെക്ടര്‍മാര്‍, രണ്ടു കോണ്‍സ്റ്റബിള്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇവരെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതിനിടെ അതീഖ് വധകേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
2005ല്‍ ബിഎസ‌്പി എം.എല്‍.എ രാജു പാല്‍ കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായിരുന്ന ജില്ലാപഞ്ചായത്തംഗമായിരുന്നു ഉമേഷ് പാല്‍. ഈ വര്‍ഷം ഫെബ്രുവരി 24നാണ് ഉമേഷ് പാലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെടുന്നത്. കേസില്‍ ഉമേഷ് പാലിന്റെ ഭാര്യ ജയപാലിന്റെ പരാതിയെ തുടര്‍ന്ന് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും കേസില്‍ പൊലീസ് പ്രതി ചേര്‍ത്തു.
10 പേരയാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഇതില്‍ ആറ് പേരും 50 ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 27ന് പ്രയാഗ്‌രാജില്‍ നടന്ന ഏറ്റുമുട്ടലില്‍ ഉമേഷ് പാലിനെ വധിക്കാനെത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ അര്‍ബാസ് കൊല്ലപ്പെട്ടു. മാര്‍ച്ച് ആറിന് പ്രയാഗ്‌രാജില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഉസ്മാന്‍ എന്ന പ്രതി മരിച്ചു. ഏപ്രില്‍ 13ന് ഝാന്‍സിയില്‍ വച്ച് പൊലീസ് അസദിനെയും ഗുലാമിനെയും വെടിവച്ചു കൊന്നു. ഒടുവില്‍ പൊലീസ് വലയത്തില്‍ അതീഖും സഹോദരന്‍ അഷ്റഫുംകൊല്ലപ്പെട്ടു. കേസിലെ മറ്റുപ്രതികളായ അതീഖിന്റെ ഭാര്യ ഷെയ്സ്ത, സഹായി ഗുദ്ദു മുസ്ലീം എന്നിവരെ പിടികൂടുന്നതിനുള്ള നടപടി പൊലീസ് ഊര്‍ജ്ജിതമാക്കി.