Monday, May 13, 2024

HomeNewsIndiaകോൺഗ്രസിന് മുസ്ലീം സ്ഥാനാർഥിയില്ല; മഹാരാഷ്ട്രയിലെ മുതിർന്ന മുസ്ലീം നേതാവ് പ്രചാരണത്തിൽ നിന്ന് പിൻമാറി

കോൺഗ്രസിന് മുസ്ലീം സ്ഥാനാർഥിയില്ല; മഹാരാഷ്ട്രയിലെ മുതിർന്ന മുസ്ലീം നേതാവ് പ്രചാരണത്തിൽ നിന്ന് പിൻമാറി

spot_img
spot_img

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുതിർന്ന നേതാവിൻെറ നിലപാട്. മഹാരാഷ്ട്രയിൽ കോൺഗ്രസിൻെറ മുസ്ലീം മുഖങ്ങളിൽ ഒന്നായ എം ആരിഫ് നസീം ഖാൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് പിൻമാറിയിരിക്കുകയാണ്. പാർട്ടിക്ക് വേണ്ടി ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പ്രഖ്യാപിച്ച ആരിഫ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.

കോൺഗ്രസ് പാർട്ടിയുടെ മഹാരാഷ്ട്രയിലെ വർക്കിങ് പ്രസിഡൻറുമാരിൽ ഒരാളാണ് ആരിഫ് ഖാൻ. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി സംസ്ഥാനത്ത് ഒരൊറ്റ മുസ്ലീം സ്ഥാനാർഥിയെ പോലും ലോക്സഭാ സ്ഥാനാർഥിയായി പ്രഖ്യാപിക്കാതിരുന്നതാണ് ആരിഫിൻെറ അതൃപ്തിക്ക് കാരണം. മഹാ വികാസ് അഗാദിയെന്ന (എംവിഎ) പേരിലാണ് കോൺഗ്രസ് അടങ്ങുന്ന മുന്നണി മഹാരാഷ്ട്രയിൽ മത്സരിക്കുന്നത്.

തൻെറ നിരാശ വ്യക്തമാക്കി ആരിഫ് ഖാൻ ദേശീയ പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. “ആകെയുള്ള 48 സീറ്റുകളിൽ ഒരൊറ്റ മുസ്ലീം സ്ഥാനാർഥിയെ പോലും എംവിഎ പരിഗണിച്ചില്ല. പ്രധാനപ്പെട്ട മുസ്ലീം നേതാക്കളിൽ ആരെങ്കിലും ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് മുസ്ലീം സംഘടനകളും പാർട്ടി നേതാക്കളും പ്രവർത്തകരുമെല്ലാം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ അത് സംഭവിച്ചില്ല,” ആരിഫ് ഖാൻ പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിന് കോൺഗ്രസിൻെറ നിലപാടിൽ വലിയ അതൃപ്തിയുണ്ട്. “കോൺഗ്രസിന് മുസ്ലീങ്ങളുടെ വോട്ട് വേണം. എന്നാൽ തെരഞ്ഞെടുപ്പിൽ മുസ്ലീം സ്ഥാനാർഥികളെ വേണ്ട” എന്ന മുദ്രാവാക്യം സമുദായത്തിലെ അണികൾക്കിടയിൽ ഉയരുകയാണ്. “അവരോട് പറയാൻ എനിക്കൊരു മറുപടിയും ഇല്ല. എക്കാലത്തും കോൺഗ്രസിനോട് ഉറച്ചുനിന്നവരാണ് മുസ്ലീം സമുദായമെന്ന് മറക്കരുത്,” ആരിഫ് ഖാൻ വ്യക്തമാക്കി.

മുൻ മന്ത്രി കൂടിയായ ആരിഫ് ഖാൻ ഗാന്ധി കുടുംബത്തോട് വലിയ അടുപ്പമുള്ളയാളാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാ സ്ഥാനാർഥികളുടെ നിരയിൽ മുസ്ലീം മുഖമെന്ന നിലയിൽ ആരിഫ് ഖാൻ ഉണ്ടാവുമെന്ന് വലിയൊരു വിഭാഗം പ്രതീക്ഷിച്ചിരുന്നു. മുംബൈ നോർത്ത് സെൻട്രലിലെ സ്ഥാനാർഥിയെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് പാർട്ടിക്കുള്ളിലെ അതൃപ്തി മറനീക്കി പുറത്തുവന്നത്.

മുംബൈ സിറ്റി യൂണിറ്റ് കോൺഗ്രസ് പ്രസിഡൻറ് വർഷ ഇ ഗെയ്ക്വാദിനെയാണ് പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഈ പ്രഖ്യാപനം വന്നതോടെ പാർട്ടിയിലെ മുസ്ലീം നേതാക്കളിൽ കടുത്ത അതൃപ്തി ഉണ്ടായിരിക്കുകയാണ്. “പാർട്ടിയുടെ തീരുമാനത്തിൽ എനിക്ക് വല്ലാത്ത നിരാശയുണ്ട്. ഗുജറാത്ത്, ഗോവ, കർണാടക, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങി മഹാരാഷ്ട്രയിൽ വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടി നിയോഗിച്ചപ്പോഴെല്ലാം ആ ജോലി ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും ഏറ്റെടുത്തിരുന്നു. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ 3,4,5 ഘട്ടങ്ങളിൽ പ്രചാരണത്തിൽ പങ്കെടുക്കാൻ ഞാൻ ഉണ്ടാവില്ല,” ആരിഫ് ഖാൻ പറഞ്ഞു.

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളാരും തന്നെ ആരിഫ് ഖാൻെറ നിലപാടുമായി ബന്ധപ്പെട്ട് പ്രതികരണത്തിന് തയ്യാറായിട്ടില്ല. മഹാരാഷ്ട്രയിലെ 35 ലോക്സഭാ മണ്ഡലങ്ങളിൽ മേയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ന്യൂനപക്ഷ വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാവുമോയെന്ന സംശയം സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്കുണ്ട്. ഒരൊറ്റ മുസ്ലീം സ്ഥാനാർഥിയെ പോലും മഹാരാഷ്ട്രയിൽ പ്രഖ്യാപിക്കാതിരുന്ന കോൺഗ്രസിൻെറ നിലപാടിനെ ബഹുജൻ അഗാദി പ്രസിഡൻറ് പ്രകാശ് അംബേദ്കറും വിമർശിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments