ന്യൂഡല്‍ഹി : പതിനാറ് പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്‌തെന്നു കാണിച്ചാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നിരോധനം. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെയും നടപടിയുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ എന്നിവ പ്രചരിപ്പിച്ചതിനാണ് ചാനലുകള്‍ നിരോധിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഏജന്‍സിയെ അറിയിച്ചു. ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ്, ദ പാകിസ്ഥാന്‍ റഫറന്‍സ് എന്നിവയടക്കമുള്ള ചാനലുകളാണ് നിരോധിച്ചത്. മുന്‍ ക്രിക്കറ്റ് താരം ഷോയബ് അക്തറിന്റെ ചാനലിനും നിരോധനമുണ്ട്. ബിബിസി പഹല്‍ഗാം ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതിനെതിരെയും കേന്ദ്രം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.