മുംബൈ; ദാവൂദ് ഇബ്രാഹിം നേതൃത്വം നല്‍കുന്ന ഡി കമ്ബനി എന്ന അധോലോക സംഘത്തിനെതിരെ റെയ്ഡുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).
മുംബൈയിലെ ബാന്ദ്ര, നാഗ്പാഡ, ബോറിവാലി, ഗോറെഗാവ്, പരേല്‍, സാന്താക്രൂസ് തുടങ്ങിയ 20 സ്ഥലങ്ങളില്‍ ആണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിനിടെ ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ഷാര്‍പ്പ് ഷൂട്ടേഴ്‌സ്, ലഹരിമരുന്ന് കടത്തുകാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് റെയ്ഡ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡി കമ്ബനിയുടെ നേതൃത്വത്തിനെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ പലരും വിദേശത്ത് കേന്ദ്രീകരിച്ച്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, ഇന്ത്യയില്‍ അശാന്തി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആറില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമവും (യുഎപിഎ) ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിം നടത്തുന്ന അധോലോക ശൃംഖലയിലെ അംഗങ്ങള്‍ കറാച്ചിയിലെ താവളത്തില്‍ നിന്ന് നടത്തിയ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ എന്‍ഐഎ നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനൊപ്പം തന്നെ മറ്റ് അധോലോക നായകന്‍മാരായ ഛോട്ടാ ഷക്കീല്‍, ജാവേദ് ചിക്ന, ടൈഗര്‍ മേനോന്‍, ഇഖ്ബാല്‍ മിര്‍ച്ചി, സഹോദരി ഹസീന പാര്‍ക്കര്‍ എന്നിവരെയും എലൈറ്റ് തീവ്രവാദ വിരുദ്ധ യൂണിറ്റ് നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തരകാര്യ വകുപ്പ് പറഞ്ഞു