ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉച്ച് ഒരു മണി വരെ 37.25 ശതമാനം പോളിംഗ്. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ മുന്‍ മുഖ്യമന്ത്രിമാരായ ബിഎസ് യെദിയൂരപ്പ, സിദ്ധരാമയ്യ, ജഗദീഷ് ഷെട്ടാര്‍, കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാര്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
കോണ്‍ഗ്രസിന് 130-ലധികം സീറ്റുകള്‍ ഉറപ്പായും ലഭിക്കുമെന്നും 150 സീറ്റ് വരെ ലഭിച്ചേക്കാം എന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും എന്ന് ബാസവരാജ ബൊമ്മൈ അവകാശപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ ആണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 224 മണ്ഡലങ്ങളുടെ സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
58,545 പോളിംഗ് സ്റ്റേഷനുകളിലായി 5.3 കോടി വോട്ടര്‍മാരാണ് കര്‍ണാടകയുടെ ഭാവി നിര്‍ണയിക്കാന്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 12,15,920 പേര്‍ 80 വയസ്സിനു മുകളിലുള്ളവരാണ്. സംസ്ഥാനത്ത് ഇത്തവണ 11.17 ലക്ഷം കന്നി വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. ഏപ്രില്‍ ഒന്നിന് 18 വയസ് തികഞ്ഞ 41,000 പേര്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നുണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, കര്‍ണാടകയില്‍ 71.13 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസും ബി ജെ പിയും ജെ ഡി എസും തമ്മില്‍ ത്രികോണ പോരാട്ടത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. മെയ് 13 ന് ആണ് കര്‍ണാടകയില്‍ ഫലം പ്രഖ്യാപിക്കുന്നത്.