ചെന്നൈ: കള്ളപ്പണമെന്ന സംശയത്തിന്റെ പേരില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും യുവജനക്ഷേമ-കായിക മന്ത്രിയുമായ ഉദയ്‌നിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയ്‌നിധിയുടെ പേരിലുള്ള 36.3 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉത്തരവിട്ടു.
സംവിധായിക കൂടിയായ കൃതികയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 34.7 ലക്ഷം രൂപ മരവിപ്പിക്കയും ചെയ്തു. കൃതിക നേതൃത്വം നല്‍കുന്ന കള്ളല്‍ ഗ്രൂപ് സ്ഥാപനങ്ങളില്‍ അടുത്തിടെ പരിശോധന നടന്നിരുന്നു. ലൈക്ക- കള്ളല്‍ ഗ്രൂപ് സ്ഥാപനങ്ങള്‍ തമ്മില്‍ 300 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് ഇ.ഡി കണ്ടെത്തല്‍.
കള്ളല്‍ ഗ്രൂപ്പിന്റെ വരുമാന സ്രോതസ്സുകള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഡയറക്ടര്‍മാര്‍ തൃപ്തികരമായ വിശദീകരണം നല്‍കാത്ത നിലയിലാണ് നടപടി. അന്വേഷണം തുടരുകയാണെന്നും ഇ.ഡി അധികൃതര്‍ അറിയിച്ചു.