Sunday, September 8, 2024

HomeNewsIndiaശമ്പളം 15,000 രൂപ; ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ നടന്നത് 205 കോടിയുടെ ഇടപാട്; ദുരൂഹത കണ്ടെത്താനാകാതെ...

ശമ്പളം 15,000 രൂപ; ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ നടന്നത് 205 കോടിയുടെ ഇടപാട്; ദുരൂഹത കണ്ടെത്താനാകാതെ ഉദ്യോഗസ്ഥർ

spot_img
spot_img

മാസം വെറും 15,000 രൂപ മാത്രം ശമ്പളമുള്ള ഒരു ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലൂടെ 205 കോടി രൂപയുടെ ഇടപാട് നടന്നത് ദുരൂഹമായി തുടരുന്നു. അന്വേഷണത്തിലൂടെ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് പ്രഖ്യാപിച്ച് ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് വിഭാഗം കേസിൻെറ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ആദായനികുതി വകുപ്പും വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നുവെങ്കിലും അവർക്കും കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.

ചെന്നൈ സ്വദേശിയായ കാർ ഡ്രൈവർ എം.സി. ശ്രീനിവാസനാണ് ദുരൂഹമായ തട്ടിപ്പിന് ഇരയായിരിക്കുന്നത്. തൻെറ പേരിൽ ആക്സിസ് ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് ശ്രീനിവാസൻ അറിയുന്നത് തന്നെ ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് കയ്യിലെത്തിയപ്പോഴാണ്. കോടികളുടെ ഇടപാട് നടന്നുവെന്ന് പറഞ്ഞ് നിരവധി നോട്ടീസുകൾ വന്നതോടെ ശ്രീനിവാസൻ ആശങ്കയിലായി. ഇതോടെ പോലീസിൽ പരാതി നൽകിയ ശേഷം ഒന്നും നടക്കാതെ പോയതോടെ അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2016ൽ നോട്ട് നിരോധന കാലത്താണ് ശ്രീനിവാസൻെറ പേരിലുള്ള അക്കൗണ്ടിലൂടെ 205 കോടി രൂപയുടെ ഇടപാട് നടന്നത്. 2014ൽ ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് അനിൽ ജെയ്ൻ എന്ന വ്യക്തിയെ ശ്രീനിവാസൻ കണ്ടിരുന്നു. ശ്രീധർ എന്ന ഒരു സുഹൃത്ത് വഴിയാണ് അനിൽ ജെയ്നിനെ കാണുന്നത്.

റെഫക്സ് എനർജി ലിമിറ്റഡ് എന്ന സ്ഥാപനത്തിൻെറ സിഇഒ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ അനിൽ ജെയ്ൻ ശ്രീനിവാസന് തൻെറ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു. ഈ സമയത്ത് ശ്രീനിവാസൻെറ ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ കോപ്പികളും പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫും കൈമാറിയിരുന്നു. ഈ രേഖകൾ ഉപയോഗിച്ചാണ് ബാങ്ക് അക്കൌണ്ട് ഉണ്ടാക്കിയതെന്നാണ് ശ്രീനിവാസൻ സംശയിക്കുന്നത്.

നാല് ദിവസം മാത്രമാണ് അനിൽ ജെയ്ൻെറ കീഴിൽ ശ്രീനിവാസൻ ജോലി ചെയ്തത്. പിന്നീട് വിളിക്കാമെന്ന് പറഞ്ഞുവെങ്കിലും അതുണ്ടായില്ലെന്ന് അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. 2016 ഡിസംബർ 28നാണ് ശ്രീനിവാസനെ തേടി ആദായനികുതി വകുപ്പിൻെറ കത്ത് എത്തുന്നത്. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തങ്ങൾക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.

വിഷയത്തിൽ അന്വേഷണം നടത്താൻ ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ചിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമായ അന്വേഷണം നടന്നില്ല. ബാങ്ക് അക്കൌണ്ട് തുടങ്ങുന്ന സമയത്ത് ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥർ എന്തുകൊണ്ട് ശ്രീനിവാസൻെറ ഒപ്പ് പരിശോധിച്ചില്ലെന്ന കാര്യവും ദുരൂഹമാണ്. പരാതിക്കാരനായ ശ്രീനിവാസനും കേസിൻെറ പിന്നാലെ നടക്കുന്നത് അവസാനിപ്പിച്ചുവെന്നാണ് ഡിടി നെക്സ്റ്റ് നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായിരിക്കുന്നത്. ശ്രീനിവാസൻ ഇപ്പോൾ എവിടെയാണെന്ന വിവരം പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല.

ചെന്നൈയിൽ ക്രോംപേട്ടിന് സമീപം നാഗൽകേനിയിലാണ് ശ്രീനിവാസൻ താമസിച്ചിരുന്നത്. മൂന്ന് വർഷം മുമ്പ് ശ്രീനിവാസൻ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഏതായാലും 205 കോടി രൂപയുടെ ബാങ്ക് ഇടപാടിൽ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments