കവരത്തി: ലക്ഷദ്വീപ് സ്വദേശിയും സിനിമ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്‌ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കവരത്തി പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ജൈവായുധം അഥവാ ബയോവെപ്പണെന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് പരാതി. മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ പ്രയോഗിച്ചത് എന്നായിരുന്നു ആയിഷ സുല്‍ത്താന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചത്.
ഇത് വിവാദമായതോടെ രാജ്യത്തെയോ സര്‍ക്കാരിനെയോ അല്ല പ്രഫുല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് ആയിഷ സുല്‍ത്താന വ്യക്തമാക്കി. ഒരു വര്‍ഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിലൂടെയും കൂടെ വന്നവരിലൂടെയുമാണ് വൈറസ് വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ബയോവെപ്പണുമായി താരതമ്യപ്പെടുത്തിയതെന്നും ആയിഷ ഫേസ്ബുക്കില്‍ കുറിച്ചു.
ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘവും ഈ വിവാദത്തിന് ശേഷം രംഗത്തെത്തി. ആയിഷയ്‌ക്കൊപ്പം ലക്ഷദ്വീപിലെ സാംസ്‌കാരിക സമൂഹം ഉറച്ച് നില്‍ക്കുമെന്നാണ് സാഹിത്യ പ്രവര്‍ത്തക സംഘം അറിയിച്ചത്. ആയിഷ നടത്തിയ പ്രസ്താവനയെ രാജ്യദ്രോഹ പരമര്‍ശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം അഭിപ്രായപ്പെട്ടിരുന്നു.