Saturday, September 7, 2024

HomeNewsIndiaവിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

spot_img
spot_img

കൊല്‍ക്കത്ത:ഇന്ത്യന്‍ സിനിമയിലെ ബംഗാളി ഇതിഹാസമായ സംവിധായകനും, തിരക്കഥാകൃത്തും വിഖ്യാത കവിയുമായ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു.

ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്നലെ രാവിലെ എട്ട് മണിയോടെ ഉറക്കത്തിലായിരുന്നു അന്ത്യം. വൃക്ക രോഗത്തിന് സ്ഥിരമായി ഡയാലിസിസ് നടത്തിയിരുന്നു. മികച്ച സിനിമയ്ക്കും സംവിധായകനും ഉള്‍പ്പെടെ പത്തിലേറെ ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ചെറുപ്പത്തിലേ കല്‍ക്കട്ട ഫിലിം സൊസൈറ്റിയില്‍ ലോക ക്ലാസിക്കുകള്‍ കണ്ടുവളര്‍ന്ന ബുദ്ധദേബ് കോളേജിലെ ഇക്കണോമിക്‌സ് അദ്ധ്യാപകന്റെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് ഇറങ്ങിയത്. സത്യജിത് റേയും മൃണാള്‍സെന്നും തിളങ്ങിനിന്ന കാലത്താണ് ബുദ്ധദേബ് സിനിമയുടെ ഭാഷയില്‍ കവിതകൂടി ചേര്‍ത്ത് ജീവിതത്തിന്റെ തീവ്രതയും ബംഗാളിന്റെ ചോരയില്‍ അലിഞ്ഞ നക്‌സല്‍ രാഷ്ട്രീയവുമൊക്കെ വരച്ചിട്ടത്.

1980 1990 കാലത്ത് ഗൗതം ഘോഷ്, അപര്‍ണ സെന്‍ തുടങ്ങിയവര്‍ക്കൊപ്പം ബംഗാളി സമാന്തര സിനിമയുടെ നടുനായകരില്‍ ഒരാളായി. 1978ല്‍ ഇറങ്ങിയ ദൂരത്വ ആണ് ആദ്യ സിനിമ. ഇരുപതിലേറെ സിനിമകളും നിരവധി ഡോക്കുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം അഞ്ചു തവണ നേടി ബാഗ് ബഹാദൂര്‍ (1989), ചരാചര്‍ (1993), ലാല്‍ ധര്‍ജ (1997), മോണ്ടോ മേയര്‍ ഉപാഖ്യാന്‍ (2002), കാല്‍പുരുഷ് (2008) എന്നിവ. ഉത്തര (2000), സ്വപ്‌നേര്‍ ദിന്‍ (2005) എന്നീ സിനിമകള്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടി. ദൂരത്വ, തഹാദെര്‍ കഥ എന്നിവയ്ക്ക് മികച്ച ബംഗാളി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ദൂരത്വ, ഗൃഹജുദ്ധ, ആന്ധി ഗലി എന്നീ സിനിമകള്‍ ബംഗാളിലെ നക്‌സല്‍ പ്രസ്ഥാനത്തെക്കുറിച്ചുള്ളതായിരുന്നു.

2013ല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞവര്‍ഷം ഒ.ടി.ടിയില്‍ റിലീസായ അന്‍വര്‍ കാ അജീബ് കിസ ആണ് അവസാന സിനിമ. ബംഗാളിക്കൊപ്പം ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ എടുത്തു.

ബെര്‍ലിന്‍, സ്‌പെയിന്‍ (ലൈഫ് ടൈം അച്ചീവ്‌മെന്റ് ), വെനീസ് (മികച്ച സംവിധായകന്‍ ), ലോക്കാര്‍ണോ (ക്രിട്ടിക്‌സ്, സ്‌പെഷ്യല്‍ ജൂറി), കാര്‍ലോവി വാരി (സ്‌പെഷ്യല്‍ ജൂറി) തുടങ്ങിയ വിവിധ ഫെസ്റ്റിവലുകളില്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

കവി എന്ന നിലയിലും പ്രശസ്തനായിരുന്നു. സ്യൂട്ട്‌കേസ്, ഹിംജോഗ്, കോഫിന്‍ കിംബ, ചാത്ത കഹിനി, റോബോട്ടര്‍ ഗാന്‍, ശ്രേഷ്ഠ കബിത, ഭോമ്പോലെര്‍ ആശ്ചര്യ കാഹിനി ഒ അനന്യ കബിത തുടങ്ങിയ കവിതാസമാഹരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ സോഹിനി.
അളകനന്ദ, രാജേശ്വരി എന്നിവര്‍ പുത്രിമാരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments