തീവ്രവാദികള്‍ സാധാരണക്കാരെ തെരഞ്ഞുപിടിച്ചു കൊല്ലുന്നതോടെ
കശ്മീരില്‍ പ്രതിഷേധം ശക്തം . കശ്മീരി പണ്ഡിറ്റുകളടക്കം പലായനം ചെയ്യുന്നത് മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു . പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി.
370 റദ്ദാക്കിയതിലൂടെ കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞ മോദി സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയാണ് പ്രതിഷേധം കനക്കുന്നത്. പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ദശകങ്ങള്‍ക്കുശേഷം കശ്മീരിലേക്ക് തിരിച്ചെത്തിയ കശ്മീരി പണ്ഡിറ്റുകള്‍ ജീവനും കൊണ്ട് രക്ഷപ്പെടുകയാണ്.
സുരക്ഷിതയിടങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകൾ തെരുവിലിറങ്ങി. കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ അധ്യാപികമാരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. താഴ്വരയില്‍നിന്ന് ജമ്മു മേഖലയിലേക്കോ, സുരക്ഷിതമായ ഉൾഗ്രാമങ്ങളിലേക്കോ സ്ഥലം മാറ്റമാവശ്യപ്പെട്ടാണ് സമരം.
കുല്‍ഗാമില്‍ അധ്യാപികയെ ഭീകരർ സ്കൂളിലെത്തി വെടിവെച്ചുകൊന്നത് താഴ്വരയില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്.
കുല്‍ഗാമില്‍ കഴിഞ്ഞ ദിവസം ബാങ്ക് മാനേജരെ വെടിവച്ചുകൊന്നതിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടന ഏറ്റെടുത്തിരുന്നു. കുല്‍ഗാം ജില്ലയില്‍ മോഹന്‍പുരയിലെ ബാങ്ക് മാനേജരും രാജസ്ഥാന്‍ സ്വദേശിയുമായ വിജയകുമാറിന് നേരെ ബാങ്കിലെത്തിയാണ് ഭീകരന്‍ വെടിയുതിർത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതര സംസ്ഥാന തൊഴിലാളികളും ദളിത് ഹിന്ദു വിഭാഗങ്ങളും കശ്മീര്‍ വിടാനൊരുങ്ങുകയാണ്. ജമ്മുവിലേക്ക് സ്ഥലംമാറ്റം വേണമെന്ന ജീവനക്കാരുടെ അപേക്ഷ കേന്ദ്രം ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല. 24 മണിക്കൂറിനകം സ്ഥലംമാറ്റം നല്‍കിയില്ലെങ്കില്‍ രാജിവയ്‌ക്കുമെന്ന് പ്രഖ്യാപിച്ച് നാനൂറിലേറെ ജീവനക്കാര്‍ ലഫ്. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു.
കശ്‌മീര്‍ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനും ഇവര്‍ കത്തയച്ചിട്ടുണ്ട്. നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. അതിനിടെ മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തി.
കശ്മീരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടെന്ന് കോണ്ഗ്രസ് ആരോപിച്ചു. കശ്മീരില്‍ കൊലപാതകങ്ങള്‍ നടക്കുമ്ബോഴും കശ്മീര്‍ ഫയല്‍സ്, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയ സിനിമകള്‍ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറെന്ന് ശിവസേന എം.പി സഞ്ജയ് റാവത്തും വിമര്‍ശിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനമാണ് കേന്ദ്രത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.