ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞ അമ്മയെ 16 കാരന്‍ കൊലപ്പെടുത്തി.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പതിവായി കളിക്കുന്ന ഗെയിമിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, പട്ടാളക്കാരനായ പിതാവിന്റെ റിവോള്‍വര്‍ ഉപയോഗിച്ച് കൗമാരക്കാരന്‍ അമ്മക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ യുവതി ഉടന്‍ മരിച്ചതായി പൊലീസ് അറിയിച്ചു.
അമ്മയുടെ മൃതദേഹം ഒളിപ്പിച്ച കുട്ടി, ഒമ്ബത് വയസുള്ള സഹോദരിക്കൊപ്പം രണ്ട് ദിവസമാണ് വീട്ടില്‍ കഴിഞ്ഞത്. സംഭവം ആരോടും പറയരുതെന്ന് സഹോദരിയെ കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു. മൃതദേഹത്തിന്‍റെ ദുര്‍ഗന്ധം മറയ്ക്കാന്‍ റൂം ഫ്രഷ്നര്‍ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു.
എന്നാല്‍, ജോലിക്കായി വീട്ടിലെത്തിയ ഇലക്‌ട്രീഷ്യനാണ് അമ്മയെ വെടിവെച്ച് കൊന്നതെന്നാണ് തുടക്കത്തില്‍ കുട്ടി പൊലീസിനോടും പിതാവിനോടും പറഞ്ഞത്. പിന്നീട് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചു