ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കുള്ള ആശങ്ക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചതായി സി.ബി.സി.ഐ (കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ന്യൂഡല്‍ഹിയില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മണിപ്പൂരിന് പുറമെ മധ്യപ്രദേശിന്റെ ചില ഭാഗങ്ങളില്‍ നടന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവ പരിശോധിക്കുമെന്നും ക്രിസ്ത്യാനികള്‍ക്കും മറ്റെല്ലാ പൗരന്മാര്‍ക്കും നല്ലതിന് ആവശ്യമായത് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതായി സി.ബി.സി.ഐ അറിയിച്ചു.
കൊച്ചി നെടുമ്പാശ്ശേരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സി.ബി.സി.ഐ പ്രസിഡന്റും തുശൂര്‍ ആര്‍ച്ച് ബിഷപ്പുമായ ആന്‍ഡ്രൂസ് താഴത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിള്‍ ക്രിസ്ത്യാനികള്‍ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്ന സാഹചര്യവും ധരിപ്പിച്ചുവെന്നും കൂടിക്കാഴ്ച ഏറെ സൗഹാര്‍ദപരമായിരുന്നുവെന്നും അമിത് ഷാ വളരെ ക്ഷമാപൂര്‍വം കേട്ടുവെന്നും വാര്‍ത്താ കുറിപ്പ് തുടര്‍ന്നു.
മണിപ്പൂരിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാധാനത്തിനായുള്ള തന്റെ ദൗത്യം അമിത് ഷാ വിശദീകരിച്ചു. ചില ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ ഈയിടെ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ ധരിപ്പിച്ചപ്പോള്‍ അവ പരിഹരിക്കാന്‍ സാധ്യമായതെല്ലാം നാം ചെയ്യുമെന്ന് അമിത് ഷാ പ്രതികരിച്ചു. ഇത് കൂടാതെ രാഷ്ട്ര നിര്‍മാണത്തില്‍ വിശിഷ്യാ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സേവന മേഖലകളില്‍ കൃസ്ത്യാനികളുടെ പങ്കിനെ കുറിച്ചും ചര്‍ച്ച നടന്നുവെന്ന് സി.ബി.സി.ഐ വ്യക്തമാക്കി.