ഇന്ന് ലോക പാമ്പ് ദിനം. പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുക, അവബോധം വളര്‍ത്തുകാനും, ഭൂമിയില്‍ അവ വഹിക്കുന്ന പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ് ജൂലൈ 16 പാമ്പ് ദിനമായി ആചരിക്കുന്നത്.
ഇഴജന്തുക്കളില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് പാമ്പ്. ഏറ്റവും നീളമേറിയതും കണ്ടാല്‍ പേടിതോന്നിക്കുന്നതുമായ പാമ്പുകള്‍ക്കെല്ലാം വിഷമുണ്ടാകുമെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണ്. പാമ്പുകളില്‍ തന്നെ വിഷമുള്ളവയും വിഷം ഇല്ലാത്തവയുമുണ്ട്.
ലോകത്തിലെ 80% പാമ്പുകളും വിഷമില്ലാത്തവയാണ്. ആകെ 10% മാത്രമേ വിഷമുള്ളവയുള്ളൂ. ചില പാമ്പുകളുടെ വിഷം ചികിത്സയ്ക്കായും ഉപയോഗിക്കുന്നുണ്ട്. 3500 ഇനത്തില്‍ പെട്ട പാമ്പുകള്‍ ലോകത്താകെ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍.
കേരളത്തില്‍ 106 ഇനം പാമ്പുകളുണ്ട്. ഇതില്‍ പത്ത് ഇനങ്ങള്‍ക്ക് മാത്രമേ വിഷമുളളൂ. മനുഷ്യന്‍ പാമ്പിനെ പേടിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാമ്പുകള്‍ മനുഷ്യനെ പേടിക്കുന്നുണ്ടെന്നത് പലര്‍ക്കും അറിയില്ല.
1972ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് 25,000 രൂപ പിഴയോ 3 വര്‍ഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പാമ്പുകളെ വളര്‍ത്താനോ പിടിക്കാനോ പാടില്ല.
വനത്തിന് പുറത്തു വച്ച് പാമ്പു കടിയേല്‍ക്കുന്നവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും വനം വകുപ്പ് നഷ്ടപരിഹാരം നല്‍കും. പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സക്ക് 75,000 രൂപ വരെ സഹായം വനംവകുപ്പില്‍ നിന്ന് ലഭിക്കും.
പാമ്പ് കടിയേറ്റത് വഴി സ്ഥിരം അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്കും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. പാമ്പുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുന്ന ആപ്പുകളും ഇപ്പോള്‍ ലഭ്യമാണ്.