ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചതിന് മാപ്പുപറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് കാണിച്ച് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിക്ക് കത്തയച്ചു. പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജന്‍ ചൗധരി കത്തില്‍ പറയുന്നുണ്ട്.
ചൗധരിയുടെ പരാമര്‍ശത്തിനെതിരെ ഭരണഘടനാ പദവിയെയും, ആദിവാസി പാരമ്പര്യത്തെയും കോണ്‍ഗ്രസ് അപമാനിച്ചുവെന്ന പേരില്‍ മന്ത്രിമാരായ സ്മൃതി ഇറാനിയും നിര്‍മല സീതാരാമനും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
സ്മൃതി ഇറാനി സോണിയാ ഗാന്ധിയുടെ നേരെ കൈചൂണ്ടി ആംഗ്യം കാണിക്കുകയും ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. സോണിയാ ഗാന്ധി സ്മൃതി ഇറാനിയുടെ പ്രതിഷേധത്തെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് ദേഷ്യത്തോടെ തിരിച്ചും സംസാരിച്ചു.
തന്നോട് സംസാരിക്കരുതെന്ന് ഒരു ബി.ജെ.പി അംഗത്തോട് സോണിയാ ഗാന്ധി പറഞ്ഞതായി ധനമന്ത്രി നിര്‍മല സീതാരാമനും ആരോപിച്ചു. എന്നാല്‍ ബി.ജെ.പി നേതാവിന്റെ പേര് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല.
അതേസമയം, സോണിയാ ഗാന്ധിക്കെതിരെയുള്ള നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭാ അധ്യക്ഷന് കത്തയച്ചു.
അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും പിയൂഷ് ഗോയലും നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വെള്ളിയാഴ്ച സഭാ ചെയര്‍മാന് കത്തയച്ചത്.