ന്യൂഡല്‍ഹി: കോവിഡ്, റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങിയവ മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം.
ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് യോഗ്യത പരീക്ഷയായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്യുവേറ്റ് പരീക്ഷ എഴുതാന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കി.
കോവിഡ്, റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങിയവ മൂലം വിദേശ സര്‍വകലാശാലകളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഭാവിയെ കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടുന്നതിനിടെയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഇളവ് അനുവദിച്ചത്.
ജൂണ്‍ 30നോ അതിനുമുന്‍പോ കോഴ്‌സ് പൂര്‍ത്തിയായതായി കാണിച്ച് വിദേശസര്‍വകലാശാലകളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് യോഗ്യത പരീക്ഷ എഴുതാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.
ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയിലും ഇളവ് അനുവദിച്ചു. വിദേശ സര്‍വകലാശാലകളില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന നിര്‍ബന്ധിത മെഡിക്കല്‍ ഇന്റേണ്‍ഷിപ്പില്‍ പങ്കെടുത്താല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് യോഗ്യത നേടുമെന്നും നോട്ടീസില്‍ പറയുന്നു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്. എന്നാല്‍ ഈ ഇളവ് ഒറ്റത്തവണ മാത്രമായിരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
നിലവില്‍ പഠിക്കുന്ന വിദേശ സര്‍വകലാശാലയില്‍ തന്നെ പരിശീലനവും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ യോഗ്യത പരീക്ഷ എഴുതാന്‍ സാധിക്കൂ. എന്നാല്‍ കോവിഡ്, യുക്രൈന്‍ യുദ്ധം എന്നിവ മൂലം നാട്ടില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് രജിസ്‌ട്രേഷനായി രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത്.