ബംഗളൂരു: ധനകാര്യസ്ഥിതി പരിശോധിച്ച് മാത്രം സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ മതിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ബജറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത് നല്‍കേണ്ടതെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന സൗജന്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.
ചില സംസ്ഥാനങ്ങളോ സര്‍ക്കാറുകളോ ജനങ്ങള്‍ക്ക് ചിലത് സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നു. അത് ചിലപ്പോള്‍ വൈദ്യുതിയാവാം മറ്റെന്തെങ്കിലുമാവാം. അത് ചെയ്യരുതെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍, അതിന് മുമ്ബ് നിങ്ങളുടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി വിലയിരുത്തണം.
നിങ്ങള്‍ ജനങ്ങള്‍ക്ക് മുമ്ബാകെ ഒരു വാഗ്ദാനം മുന്നോട്ടുവെച്ച് അധികാരത്തിലെത്തി. ആ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഇടം നിങ്ങളുടെ ബജറ്റിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍മ്മല സീതാരാമാന്‍ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി സൗജന്യങ്ങള്‍ നല്‍കുന്നതിനെ കുറിച്ചും അത് സമ്ബദ്‍വ്യ്വസ്ഥയില്‍ വരുത്തുന്ന സ്വാധീനത്തെ കുറിച്ചും പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ശരിയായ രീതിയില്‍ ചര്‍ച്ചകള്‍ നടക്കണം. അല്ലാതെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി ഉന്നയിച്ച വാദങ്ങളെ വഴിതിരിച്ച് വിടരുതെന്നും നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു.