കൊച്ചി: തദ്ദേശീയമായി നിര്‍മിച്ച രാജ്യത്തെ ആദ്യത്തെ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് (INS Vikrant) സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പിക്കും.
20000 കോടി രൂപ മുടക്കി യുദ്ധക്കപ്പല്‍ നിര്‍മിച്ച കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിനുള്ളില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി കപ്പല്‍ ഇന്‍ഡ്യന്‍ നാവികസേനയുടെ ഭാഗമായി ഔദ്യോഗികമായി ചേര്‍ക്കും. കഴിഞ്ഞ മാസം നാലാമത്തെയും അവസാനത്തെയും കടല്‍ പരീക്ഷണങ്ങള്‍ നാവികസേന വിജയകരമായി പൂര്‍ത്തിയാക്കി.
2,300-ലധികം കംപാര്‍ട്‌മെന്റുകള്‍ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാനാകും. വനിതാ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള വിക്രാന്ത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം 30ഓളം വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ടാകും.
ഈ വലിയ കപ്പലിന്റെ ഇടനാഴിയിലൂടെ നടന്നാല്‍, എട്ട് കിലോമീറ്റര്‍ ദൂരം പിന്നിടും. 28 നോടികല്‍ മൈല്‍ വരെ പരമാവധി വേഗം ആര്‍ജിക്കാവുന്നതാണ് കപ്പല്‍. 2009 ലാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്
ഇതോടെ തദ്ദേശീയമായി വിമാനവാഹിനിക്കപ്പലുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മിക്കാനും കഴിവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്‍ഡ്യയും സ്ഥാനം നേടി. ഇന്‍ഡ്യന്‍ നേവിയുടെ ഇന്‍-ഹൗസ് ഡയറക്‌ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍യാണ് കപ്പല്‍ രൂപകല്‍പന ചെയ്തത്