Sunday, September 8, 2024

HomeNewsIndiaഎല്ലാ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ; രാഹുല്‍ ഗാന്ധി

എല്ലാ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ; രാഹുല്‍ ഗാന്ധി

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി എം.പി.

എല്ലാ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത മാതാവെന്ന് രാഹുല്‍ ഗാന്ധി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ‘എന്‍റെ പ്രിയപ്പെട്ട ഭാരത മാതാവിന് ഏതെങ്കിലുമൊരു പ്രത്യേക മതമോ ചരിത്രമോ സംസ്കാരമോ ഇല്ല. ഇന്ത്യ എന്നത് ഓരോ ഇന്ത്യക്കാരന്‍റെയും ശബ്ദമാണ്’. എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജോഡോ യാത്രയുടെ അനുഭവം ദൃശ്യ സന്ദേശമായി പുറത്തിറക്കിയാണ് രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യ ദിനാശംസ നേര്‍ന്നത്.യാത്ര തുടര്‍ന്നപ്പോള്‍ നേരിട്ട വേദനകളും പ്രതിസന്ധികളും കടന്ന് യാത്ര തുടരാൻ സഹായിച്ച പ്രചോദനത്തെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. ‘വാക്കുകള്‍ ഹൃദയത്തില്‍ നിന്നാണെങ്കില്‍ അവ ഹൃദയത്തില്‍ പ്രവേശിക്കുമെന്ന’ റൂമിയുടെ വാക്കുകള്‍ കടമെടുത്താണ് വീഡിയോ ആരംഭിക്കുന്നത്.

‘കടല്‍തീരത്ത് നിന്ന് ആരംഭിച്ച നൂറ്റിനാല്‍പ്പത്തിയഞ്ച് ദിവസത്തെ ഭാരത് ജോഡോ യാത്ര ചൂടും പൊടിയും മഴയും കടന്ന് കാടും പട്ടണങ്ങളും കുന്നുകളും കടന്ന് എന്‍റെ പ്രിയപ്പെട്ട കശ്മീരിലെ മഞ്ഞുപുതഞ്ഞ മണ്ണിലാണ് അവസാനിപ്പിച്ചത്. യാത്ര തുടങ്ങി കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ കാല്‍മുട്ടിന് വേദന വന്നു. കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ ഫിസിയോ ഞങ്ങളോടൊപ്പം ചേര്‍ന്നു, അദ്ദേഹം വന്ന് എനിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. എന്നിട്ടും വേദന അവശേഷിച്ചു. യാത്ര അവസാനിപ്പിച്ചാലോ എന്ന് ചിന്തിക്കുന്ന സമയത്തെല്ലാം ആരെങ്കിലും എന്‍റെ അടുത്തെത്തുകയും യാത്ര തുടരാനുള്ള ഊര്‍ജം സമ്മാനിക്കുകയും ചെയ്യും.യാത്ര പുരോഗമിക്കും തോറും ആളുകളുടെ എണ്ണവും വലുതായി’..അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ പ്രിയപ്പെട്ട ഭാരത് മാതാവ് വെറും ഭൂപ്രദേശം മാത്രമല്ല, അത് ഏതെങ്കിലുമൊരു ആശയ സംഹിതയോ പ്രത്യേക സംസ്‌കാരമോ ചരിത്രമോ മതമോ അല്ല. ആരെങ്കിലുമൊക്കെ നിശ്ചയിക്കപ്പെട്ട ഏതെങ്കിലും ജാതിയോ അല്ല. എന്റെ ഭാരത് മാതാവ് ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ്. അതിനി എത്ര ദുര്‍ബലമായാലും ഉച്ചത്തിലായാലും.. എല്ലാ ശബ്ദങ്ങള്‍ക്ക് പിന്നിലും ആഴത്തില്‍ മറഞ്ഞിരിക്കുന്ന സന്തോഷവും വേദനയും ഭയവുമൊക്കെയാണ് ഇന്ത്യ’.. രാഹുല്‍ പറയുന്നു.

അതേസമയം, ഇന്ത്യയിലിപ്പോള്‍ ഭാരത് മാതാ പോലും അസഭ്യവാക്കായെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ വിമര്‍ശിച്ചിരുന്നു. രാഹുല്‍ ലോക് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് 24 വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ രാജ്യദ്രോഹികളാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാതിരുന്നത്. നിങ്ങള്‍ ഭാരത് മാതാവിന്റെ സംരക്ഷകരല്ല. മണിപ്പൂരില്‍ എല്ലായിടത്തും മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയാണു നിങ്ങള്‍ ചെയ്തത്. അതുതന്നെയാണിപ്പോള്‍ ഹരിയാനയിലും ശ്രമിക്കുന്നത്’- പ്രസംഗത്തില്‍ രാഹുല്‍ ആരോപിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മാപ്പ് അര്‍ഹിക്കാത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായപ്പെട്ടിരുന്നു. രാഹുലിന്റെ പരാമര്‍ശം ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ രാജ്യം ആഘോഷിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മോദി ചെങ്കോട്ടയിലെത്തിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments