ചെന്നൈ: തമിഴ് നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പണം തരാമെന്ന വിദ്വേഷ പ്രസ്താവനയുമായി ഹിന്ദു മക്കള്‍ കക്ഷി. വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം തരാമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
തേവര്‍ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവര്‍ അയ്യയെ നടന്‍ അപമാനിച്ചെന്ന് ആരോപിച്ചാണ് നടനെതിരെ വിദ്വേഷ പ്രചാരണം. തേവര്‍ സമുദായത്തിന്റെ ഉന്നതനേതാവായിരുന്നു പാസുംപണ്‍ മുത്തുരാമലിംഗ തേവര്‍. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം.
തേവര്‍ അയ്യ എന്നാല്‍ കാള്‍ മാര്‍ക്‌സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചതെന്നും ഇതില്‍ പ്രകോപിതരായാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ വിവാദപ്രസ്താവന. എന്നാല്‍ വിജയ് സേതുപതി ഇങ്ങനെ സംസാരിച്ചോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. ഹിന്ദുമക്കള്‍ കക്ഷിയുടെ ആരോപണം മാത്രമാണിത്.
കഴിഞ്ഞ ദിവസം ബെംഗഌറു വിമാനത്താവളത്തില്‍ വച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണമുണ്ടായിരുന്നു. നടന്നു പോകുന്ന വിജയ് സേതുപതിയെ പിന്നില്‍ നിന്ന് ഒരാള്‍ ചവിട്ടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നടനെതിരെ വീണ്ടും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത്.
വിമാനത്താവളത്തില്‍വച്ച് നടനെ ആക്രമിക്കാന്‍ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചെന്നും സംഭവത്തിന്റെ തുടര്‍ച്ചയായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നുമാണ് ട്വീറ്റില്‍ പറയുന്നത്.