ലണ്ടന്‍: ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയ ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലെ താഴികക്കുടം ലേലത്തില്‍ വെച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. ടിപ്പുവിന്റെ സിംഹാസനത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണക്കടുവയുടെ രൂപത്തിലുള്ള താഴികക്കുടമാണ് യുകെ സര്‍ക്കാര്‍ ലേലത്തില്‍ വെച്ചിരിക്കുന്നത്. ഇത് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമേ സ്വന്തമാക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
യു.കെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 14.98 കോടി മൂല്യം കാണിക്കുന്ന താഴികക്കുടം 15 കോടിക്കാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയ വസ്തുക്കള്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ താത്ക്കാലിക കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യു.കെ വംശജര്‍ ഇത് സ്വന്തമാക്കാന്‍ വേണ്ടിയാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയത്.
തങ്ങളുടെ ചരിത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാലാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് എന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിശദീകരണം. പതിനെട്ടാം നൂറ്റാണ്ടിലെ ആംഗ്ലോഇന്ത്യന്‍ ചരിത്രവും രാജകീയ പ്രൊപ്പഗാണ്ടയും സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണ്. ഇത്തരം വസ്തുക്കളുടെ കലാസൗന്ദര്യത്തിനും പ്രാധാന്യമുണ്ടെന്നും യുകെ സര്‍ക്കാര്‍ പറയുന്നു. 2022 ഫെബ്രുവരി 11 വരെയാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
1799 മെയ് നാലിന് ശ്രീരംഗപട്ടണത്ത് നടന്ന രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൈസൂര്‍ തോല്‍വി അറിയുകയും ചെയ്തു. ഇതോടെയാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യം ടിപ്പുവിന്റെ സ്വത്തുക്കള്‍ വ്യാപകമായി കൊള്ളയടിച്ചത്.
രത്‌നങ്ങളും സ്വര്‍ണ്ണങ്ങളും അന്ന് ഇന്ത്യയില്‍ നിന്ന് ബ്രിട്ടണിലേക്ക് കടത്തിയിരുന്നു. ടിപ്പുവിന്റെ സ്വര്‍ണ്ണ സിംഹാസനം ഒന്നാകെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയാണ് ബ്രിട്ടീഷുകാര്‍ കടത്തിയത്. ടിപ്പു സുല്‍ത്താന്‍ അവസാന യുദ്ധത്തില്‍ ഉപയോഗിച്ച വാളും, മോതിരവും ബ്രിട്ടീഷുകാര്‍ ലണ്ടനില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ടിപ്പുവിന്റെ സിംഹാസനത്തിലെ താഴികക്കുടം ലേലത്തില്‍ വെച്ചതിനെതിരെ പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയ വസ്തുക്കള്‍ രാജ്യത്തിന് തന്നെ തിരികെ തരണം എന്നാണ് ഇവരുടെ ആവശ്യം.