അമരാവതി: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് കരതൊട്ടു. ഉച്ചയോടെയാണ് നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയില്‍ ബാപട്‍ലക്കു സമീപം ചുഴലിക്കാറ്റ് കരതൊട്ടത്. ഈ സമയം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റ് കരതൊട്ടതതോടെ ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുകയാണ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് ആണ്. ആന്ധ്രാപ്രദേശിൽ അടുത്ത മൂന്നു ദിവസം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്ത്ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊണസീമ, കാക്കിനഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കങ്ങളാണ് ആന്ധ്രാപ്രദേശിൽ സ്വീകരിച്ചിട്ടുള്ളത്. പതിനായിരത്തോളം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും ഒഡീഷയിലും പുതുച്ചേരിയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ഒഡീഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഗജപതി, ഗൻജം, പുരി, ജഗത്സിങ് പൂര്‍ എന്നീ പ്രദേശങ്ങളില്‍ പ്രവേശിക്കുമ്ബോള്‍ 35-45 മുതല്‍ 55 വരെ വേഗത ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
അതിനിടെ മിഷോങ് ചുഴലിക്കാറ്റ് സ്വാധീനത്തിൽ ചെന്നൈ നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. ചെന്നൈയിലെ മഴക്കെടുതിയിൽ 17 പേർ മരിച്ചതായാണ് റിപ്പോർട്ട്. ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്ന് ചെന്നൈ ഉൾപ്പടെ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ അവധിയാണ്.
മഴയുടെ ശക്തി കുറഞ്ഞതോടെ വിമാനത്താവളത്തിലെ റൺവേയിൽനിന്ന് വെള്ളമിറങ്ങി തുടങ്ങി. ഇന്ന് രാവിലെ മുതൽ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ട്രെയിൻ സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിൽനിന്നുള്ള എഴുപതോളം ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.