കൊച്ചി: ഭാര്യയെ കൊന്ന് വീടിനു സമീപം കുഴിച്ചിട്ടയാള്‍ ഒന്നര കൊല്ലത്തിനു ശേഷം പിടിയില്‍. എറണാകുളം എടവനക്കാടാണ് സംഭവം.
ഒന്നര വര്‍ഷമായി കാണാനില്ലെന്ന് പരാതി നല്‍കിയ ഭാര്യയുടെ മൃതദേഹമാണ് വീട്ടുമുറ്റത്തു നിന്നും പുറത്തെടുത്തത്. സംഭവത്തില്‍ വാചാക്കല്‍ സജീവനാണ് പൊലീസ് പിടിയിലായത്.
സജീവന്റെ ഭാര്യ രമ്യ (32) ആണ് കൊല്ലപ്പെട്ടത്. സജീവന്‍ രമ്യയെ കൊന്ന് വീട്ടിന് സമീപം കുഴിച്ചിടുകയായിരുന്നു. ഇയാള്‍ തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
രമ്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും കാട്ടി സജീവന്‍ പൊലീസീല്‍ പരാതി നല്‍കിയിരുന്നു. സജീവന്‍ നല്‍കിയ മൊഴികളില്‍ തോന്നിയ വൈരുദ്ധ്യമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.
കേസന്വേഷണത്തില്‍ സജീവന്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്നതും മൊഴികളിലെ വൈരുദ്ധ്യവും ശ്രദ്ധിച്ച പൊലീസ് സജീവനെ നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സജീവന്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ടതായി സമ്മതിച്ചു.
ഞാറയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ കാര്‍പോര്‍ച്ചിനോടു ചേര്‍ന്നുള്ള സ്ഥലത്തു കുഴിച്ചു നടത്തിയ പരിശോധനയില്‍ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി.
എന്നാണ് കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. അയല്‍വാസികള്‍ക്കടക്കം യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു സജീവന്റെ പെരുമാറ്റം.