ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയുടെ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ബെംഗളൂരു എച്ച്‌സിജി ആശുപത്രി അറിയിച്ചു. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച ഉമ്മന്‍ചാണ്ടിയുടെ ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
ചികിത്സയുടെ തുടക്കത്തില്‍ ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ചികിത്സയിലെ മറ്റ് മാറ്റങ്ങള്‍ ഇതിന്റെ ഫല പ്രകാരമായിരിക്കും നടത്തുന്നത്.
ഓങ്കോളജിസ്റ്റ് വിദഗ്ധരുടെ ടീം ഉമ്മന്‍ചാണ്ടിക്ക് മികച്ച ചികിത്സ, ന്യൂട്രീഷ്യന്‍ എന്നിവ ഉറപ്പാക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
ഓങ്കോളജിസ്റ്റുകള്‍, ശസ്ത്രക്രിയ വിദഗ്ധര്‍, പാത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, റേഡിയോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ടീം മെച്ചപ്പെട്ട ചികിത്സാരീതി വികസിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.