വയനാട്; ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി.
സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം വയനാട് സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധി വിശ്വനാഥന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ടിരുന്നു.
അതിനിടെ വിശ്വനാഥന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും. കൂടാതെ വിശ്വനാഥന്റെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം വയനാട്ടിലെത്തും. വിശ്വനാഥനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നും മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥന് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്നുവെന്നും, മര്‍ദ്ദനം നേരിട്ടതായും ബന്ധുക്കള്‍ പരാതിപ്പെടുന്നു.
ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നില്‍ക്കുമ്ബോഴാണ് വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തതും മര്‍ദ്ദിച്ചതും. ഇതിന്റെ മനോവിഷമത്തിലാണ് വിശ്വനാഥന്‍ ജീവനൊടുക്കിയതെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.