ന്യൂഡല്‍ഹി: മരടില്‍ തീരദേശനിയമം ലംഘിച്ചതിന് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊളിച്ചുനീക്കിയ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലൊന്നായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിന്റെ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
കമ്ബനിയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും നഷ്ടപരിഹാരത്തുകക്ക് അത് മതിയാകില്ലെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഉടമകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. കമ്ബനി സ്വത്തുക്കള്‍ ജപ്തിചെയ്യാന്‍ ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് മൂന്ന് മാസത്തെ സമയം അനുവദിക്കുകയും ചെയ്തു.
മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയെ തുടര്‍ന്ന് 2020 ജനുവരി 11, 12 തീയതികളിലാണ് മരടിലെ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയത്