തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ മേധാവി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാന്‍ സയീദ് അക്തര്‍ മിര്‍സയെയാണ് ചെയര്‍മാനായി തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ക്ഷണം താന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞ പദവിയിലേക്കാണ് സയീദ് അക്തര്‍ മിര്‍സ എത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ നല്ല സുഹൃത്താണെന്ന് അദ്ദേഹം പറഞ്ഞു.
കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചില പ്രശ്നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന്‍റെ പേരില്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവില്ലല്ലോ എന്നും സയീദ് അക്തര്‍ പറഞ്ഞു.
കേരളത്തിലാണ് നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതെങ്കിലും ദേശീയതലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാപനമാണ് കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്.
ഇന്നു തന്നെ കോട്ടയത്തേക്ക് പോകും. ജീവനക്കാരുമായും വിദ്യാര്‍ത്ഥികളുമായും നേരിട്ട് ചര്‍ച്ച നടത്തുമെന്നും സയീദ് അക്തര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ച ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവെച്ചത്.
അതേസമയം, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറെ വൈകാതെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
ഇന്ത്യന്‍ സിനിമ-ടെലിവിഷന്‍ രംഗത്തെ അതികായരില്‍ ഒരാളായി കരുതപ്പെടുന്ന സയീദ് അക്തര്‍ മിര്‍സ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദിയില്‍ നിരവധി ശ്രദ്ധേയമായ സമാന്തര സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.