കൊച്ചി: കണ്ണൂര്‍ ജില്ലയില്‍ സിപിഎം ജാഥയില്‍ പങ്കെടുക്കാതെ വീട്ടുനിന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്‍റെ കൊച്ചിയിലെ വീട്ടില്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട്.
കൊച്ചി വെണ്ണലയിലെ വീട്ടിലെത്തിയ ജയരാജന്‍ നന്ദകുമാറിന്‍്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു.
അതേസമയം സിപിഎം ജാഥ തുടങ്ങുന്നതിന് മുമ്ബാണ് താന്‍ കൊച്ചിയില്‍ പോയതെന്നാണ് ഇ പി ജയരാജന്‍റെ വിശദീകരണം. കൊച്ചിയിലെത്തിയപ്പോള്‍ ഒരു ക്ഷേത്രത്തിലെ ചടങ്ങിന് പോയിരുന്നു.
അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെടുകയായിരുന്നു. അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നു.
ആശുപത്രിയില്‍ പോയശേഷം തിരികെ വരുന്ന വഴിക്ക്, കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ ചേര്‍ന്ന എംബി മുരളീധരന്‍ തന്നെ വിളിച്ചു. സമയമുണ്ടെങ്കില്‍ താന്‍ ഭാരവാഹിയായ ക്ഷേത്രത്തില്‍ വരാമോയെന്ന് ചോദിച്ചു. സമയമുള്ളതിനാല്‍ താന്‍ വരാമെന്ന് സമ്മതിക്കുകയും അതുപ്രകാരം അവിടെ ചെല്ലുകയുമായിരുന്നു. ഈ സമയത്ത് കെവി തോമസും അവിടെയുണ്ടായിരുന്നു.
അവിടെയെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ പ്രായമായ മുതിര്‍ന്നവരെ ആദരിക്കുന്ന ചടങ്ങുണ്ടെന്നും, ഒരു അമ്മയെ ആദരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. അമ്മയെ അവര്‍ വിളിച്ചു കൊണ്ടുവന്നു. ആദരിക്കാനുള്ള ഷാളും അവരാണ് കൊണ്ടു വന്നത്. പ്രായമായ ആ അമ്മയോട് എനിക്കെന്തു വിരോധം. ഞാന്‍ ആദരിച്ചു. അത് നന്ദകുമാറിന്റെ അമ്മയാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അതിനെയാണ് വളച്ചൊടിച്ച് തനിക്കെതിരായി ദുരുദ്ദേശപൂര്‍വം വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
ക്ഷേത്രത്തിലെത്തുന്നവര്‍ ഭക്ഷണം കഴിച്ചിട്ടു വേണം പോകാനെന്നും മുരളീധരന്‍ പറഞ്ഞു. അതാണ് പതിവെന്ന് പറഞ്ഞപ്പോള്‍, പതിവ് തെറ്റിക്കേണ്ടെന്നു പറഞ്ഞാണ് താനും തോമസ് മാഷും ഭക്ഷണം കഴിച്ചത്. ഇതെല്ലാം വളച്ചൊടിച്ച് തന്റെ ചോര കുടിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.
ഇ പി ജയരാജനൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസും ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് ഇ പി ജയരാജന്‍ നന്ദകുമാറിന്‍്റെ വീട്ടിലെത്തിയത്.
അതേസമയം ക്ഷേത്രകമ്മിറ്റിക്കാര്‍ ക്ഷണിച്ചതുപ്രകാരമാണ് താന്‍ അവിടെ പോയതെന്നും അവിടെ വെച്ച് അപ്രതീക്ഷിതമായാണ് ഇ.പി ജയരാജനെ കണ്ടതെന്നും പ്രൊഫ. കെ വി തോമസ് പറഞ്ഞു. ജയരാജനൊപ്പം ക്ഷേത്രത്തിലെ പന്തലില്‍വെച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ചതായും കെ വി തോമസ് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തുന്ന സംസ്ഥാന ജാഥയില്‍ ഇടതുമുന്നണി കണ്‍വീനറുടെ അസാന്നിദ്ധ്യം ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളുള്ളതിനാലാണ് ജാഥയില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്