തിരുവനന്തപുരം: ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് സോളാര്‍ കേസിലെ പ്രതി സരിത നായരുടെ പരാതി.
ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ശേഖരിച്ച രക്ത സാമ്ബിളുകള്‍ പരിശോധനയ്ക്കായി ഡല്‍ഹിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു.
മുന്‍ ഡ്രൈവറായിരുന്ന വിനു കുമാര്‍ ഭക്ഷണത്തിലും വെളളത്തിലും വിഷം കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന സരിതയുടെ പരാതിയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാന ഫൊറന്‍സിക് ലാബില്‍ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ല. ഇതിനാലാണ് ഡല്‍ഹിയിലേക്ക് സാമ്ബിളുകള്‍ അയച്ചത്.
കോടതി മുഖേനയാണ് ഡല്‍ഹി ലാബിലേക്ക് സാമ്ബിളുകള്‍ അയച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ ചികിത്സയിലാണ്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനു കുമാറിന്റെ വീട്ടിലും പരിശോധന നടത്തി. ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. വിനു കുമാറിന്റെ ഫോണ്‍ രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നു വിനു കുമാര്‍ ആരോപിച്ചു.
സരിതയുടെ സഹായിയായ വിനു കുമാറിനെതിരെ 2022 നവംബര്‍ മാസം എട്ടിനാണ് വധ ശ്രമത്തിന് കേസെടുത്തത്. ജ്യൂസില്‍ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.