കൊച്ചി : ബ്രഹ്മപുരം ബയോമൈനിങില്‍ സോണ്ട ഇന്‍ഫ്രാടെക്ക് ഉപകരാര്‍ നല്‍കിയത് കൊച്ചി കോര്‍പ്പറേഷന്‍ അറിയാതെയാണെന്ന് മേയര്‍ എം.അനില്‍കുമാര്‍.
എന്നാല്‍, ഇതില്‍ ഉടന്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബയോമൈനിംഗില്‍ ഉപകരാര്‍ എടുത്ത കൊച്ചി സ്വദേശി വെങ്കിട്ട് ഒരു ബില്‍ പാസാകാനായി തന്നെ വന്ന് കണ്ടുവെന്നും മേയര്‍ സമ്മതിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.
കെ.എസ്.ഐ.ഡി.സി വഴി വന്ന കരാര്‍ ആയതിനാല്‍ കോര്‍പ്പറേഷന് ഉടന്‍ നടപടിയിലേക്ക് കടക്കാനാകില്ലെന്നാണ് മേയര്‍ നല്‍കുന്ന വിശദീകരണം. ബ്രഹ്മപുരം വിഷയത്തില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തില്‍ കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടു. മേയര്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കരുതെന്നാണ് പ്രധാന ആവശ്യം. അവിശ്വാസ പ്രമേയത്തിനും യു.ഡി.എഫ് നോട്ടീസ് നല്‍കി. പ്രതിപക്ഷ നീക്കത്തില്‍ ആശങ്കയില്ലെന്ന് മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന് പുറത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേതൃത്വം നല്‍കി.
54 കോടി രൂപക്കാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ബയോമൈനിങിനുള്ള കരാര്‍ സോണ്ട ഇന്‍ഫ്രടെകിന് ലഭിച്ചത്. എന്നാല്‍ ബയോമൈനിങ് സോണ്ട നേരിട്ടല്ല നടത്തുന്നത് എന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവരുന്നത്. 2021 നവംബറില്‍ ആരഷ് മീനാക്ഷി എന്‍വയറോകെയര്‍ എന്ന സ്ഥാപനത്തിന് ബ്രഹ്മപുരത്തെ ബയോമൈനിങിനുള്ള ഉപകരാര്‍ സോണ്ട നല്‍കിയതിന്റെ രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. 22 കോടി രൂപക്കായിരുന്നു കരാര്‍.
ബയോമൈനിങില്‍ സോണ്ടക്ക് മുന്‍പരിചയമില്ലെന്ന് നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഉപകരാര്‍ ലഭിച്ച സ്ഥാപനത്തിനും ബയോമൈനിങില്‍ പ്രവൃത്തി പരിചയമില്ല. വിഷയത്തില്‍ ഗൂഢാലോചന നടന്നതായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ആരോപിച്ചിരുന്നു.