കൊച്ചി: ജോയ്സ്നയെ ഇനി കാണണമെന്നില്ലെന്ന് പിതാവ് ജോസഫ്. മകളെ കാണണമെന്നായിരുന്നു കോടതിയില്‍ വച്ച് ആഗ്രഹം.
കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി അവളെ കാണണമെന്നില്ല. അവള്‍ കഴുകന്മാരുടെ അടുത്തേക്ക് ആണ് പോയത് എന്നും ജോസഫ് പ്രതികരിച്ചു.
കോടഞ്ചേരിയിലെ വിവാദമായ മിശ്രവിവാഹത്തിലെ പെണ്‍കുട്ടിയെ യുവാവിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കോടഞ്ചേരി സ്വദേശി ജോയ്സ്നയുടെ അച്ഛന്‍ ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.
26 കാരിയായ ജോയ്‌സ്‌നക്ക് ആവശ്യത്തിന് ലോകപരിചയമുണ്ടെന്നും വിദേശത്ത് ജോലി ചെയ്തതും കോടതി നിരീക്ഷിച്ചു. സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രെജിസ്ട്രേഷന്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ജസ്റ്റിസ് വി ജി അരുണ്‍ ഉള്‍പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്റെയും ജോയ്‌സ്‌നയുടെയും പ്രണയ വിവാഹം വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. വിവാഹം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലാണ് ഇരുവരുമിപ്പോള്‍ താമസം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ, വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ തങ്ങളുടെ വിവാഹത്തെ ഉപയോഗിക്കരുതെന്നും അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിച്ച്, തങ്ങളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഷെജിന്‍ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.
വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നും ജോയ്സനയും ഷെജിനും പ്രതികരിച്ചു.