തിരുവനന്തപുരം: രണ്ടാം പിണറായി സര്‍കാര്‍ 20ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുകയാണ്. 21 മന്ത്രിമാരാണ് സ്ഥാനമേല്‍ക്കുന്നത്. വിവിധ ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം പകുത്ത് നല്‍കി. അതിനിടെ പുതിയ നിയമസഭയില്‍ വനിതയെ സ്പീക്കര്‍ ആക്കണമെന്ന നിര്‍ദേശം സി.പി.എം നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്.
ആറന്മുള എം.എല്‍.എ വീണ ജോര്‍ജിനെയാണ് സ്പീക്കര്‍ പദവിയിലേക്കു പരിഗണിക്കുന്നത്. വീണയെ സ്പീക്കറാക്കിയാല്‍ കേരള നിയമസഭയിലെ ആദ്യത്തെ വനിതാ സ്പീക്കര്‍ ആകും. അതിനിടെ കെ.ടി ജലീലിനേയും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ടുണ്ട്.
മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുക, വനിതയെ സ്പീക്കര്‍ ആയി നിയോഗിക്കുക എന്നീ നിര്‍ദേശങ്ങള്‍ സി.പി.എം നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രടറിയറ്റ് യോഗത്തിലും തുടര്‍ന്നു നടക്കുന്ന സംസ്ഥാന സമിതിയിലുമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
കെ.കെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയില്‍നിന്ന് ആരും ഇക്കുറി ഉണ്ടാവില്ലെന്നാണ് റിപോര്‍ടുകള്‍. ശൈലജയ്ക്കു പുറമേ രണ്ടാമത്തെ വനിതാ മന്ത്രിയായി വീണാ ജോര്‍ജിനെ പരിഗണിക്കുന്നതായി നേരത്തെ തന്നെ സൂചനകള്‍ വന്നിരുന്നു. എന്നാല്‍ വനിതാ സ്പീക്കര്‍ എന്ന നിര്‍ദേശത്തിനു പ്രാമുഖ്യം ലഭിച്ചാല്‍ വീണയെ അതിലേക്കു പരിഗണിക്കും.
സി.പി.എമ്മിന്റെ മന്ത്രിസ്ഥാനം കഴിഞ്ഞ തവണത്തേക്കാള്‍ ഒന്നു കുറവാണ് എന്നതിനാല്‍ വനിതാ പ്രാതിനിധ്യം കൂട്ടുന്നത് പ്രായോഗിക തടസമുണ്ടാക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സാമുദായിക പ്രാതിനിധ്യം, മേഖലാ പ്രാതിനിധ്യം തുടങ്ങിയവ ഒക്കെ പരിഗണിച്ചുകൊണ്ടായിരിക്കും മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കുക.
സ്പീക്കര്‍ സ്ഥാനത്തേക്ക് വനിതയെ നിയോഗിച്ചാല്‍ അത് മുന്നണിക്കു തന്നെ ബഹുമതിയായി മാറുമെന്നാണ് ഈ ആശയം മുന്നോട്ടുവച്ചവര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമ പ്രവര്‍ത്തന രംഗത്തുനിന്നു വന്ന വീണ ഇതിനു യോഗ്യയാണെന്നും അവര്‍ പറയുന്നു. സെക്രടറിയറ്റ് ഈ നിര്‍ദേശം അംഗീകരിച്ചാല്‍ സംസ്ഥാന സമിതിക്കു മുന്നില്‍ വയ്ക്കും.