ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകളില്‍ പ്രധാനമാണ് വാക്‌സിനേഷന് ശേഷമുള്ള പാര്‍ശ്വഫലങ്ങള്‍.
ഇതിന് അടിവരയിടുന്ന പല സംഭവങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ആസ്ട്ര സെനക്കയുടെ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതായിരുന്നു എടുത്ത് കാണിച്ചിരുന്ന പ്രധാന വിഷയം. എന്നാല്‍ രാജ്യത്ത് ഇത്തരം കേസുകള്‍ വളരെ കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്.
കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് രക്തം കട്ടപിടിക്കുകയോ രക്തസ്രാവമുണ്ടാവുകയോ ചെയ്തിട്ടുള്ളുവെന്ന് വാക്‌സിനേഷനെ തുടര്‍ന്നുള്ള പ്രതികൂല സംഭവങ്ങള്‍ നിരീക്ഷിക്കുന്ന ദേശീയ സമിതി (എ.ഇ.എഫ്.ഐ) പറയുന്നത്. 26 കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചു.
പത്ത് ലക്ഷം കോവിഡ്ഷീല്‍ഡ് വാക്‌സിന് ഇത്തരത്തിലുള്ള 0.61 കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരവും കഠിനവുമായ 498 സംഭവങ്ങളെക്കുറിച്ച് ആഴത്തിലുള്ള കേസ് അവലോകനം എഇഎഫ്‌ഐ കമ്മിറ്റി പൂര്‍ത്തിയാക്കി, അതില്‍ 26 കേസുകള്‍ സാധ്യതയുള്ള ത്രോംബോബോളിക് ആണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ പാനല്‍ വിശകലനം ചെയ്ത ഡാറ്റ സൂചിപ്പിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് തെക്കേ ഏഷ്യക്കാര്‍ക്ക് ത്രോംബോസിസ് അല്ലെങ്കില്‍ വാക്‌സിനേഷന് ശേഷമുള്ള കട്ടകള്‍ വികസിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ്.
ത്രോംബോബോളിക് സംഭവങ്ങള്‍ക്ക് വളരെ ചെറിയതും എന്നാല്‍ കൃത്യമായതുമായ അപകടസാധ്യതയുണ്ടെന്ന് ഇന്ത്യയിലെ എഇഎഫ്‌ഐ ഡാറ്റ കാണിക്കുന്നു. ഇന്ത്യയില്‍ ദശലക്ഷം ഡോസുകളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 0.61 ആണെങ്കില്‍ ബ്രിട്ടണില്‍ ഇത് 4 ആയിരുന്നു.
ഏപ്രില്‍ 3 വരെ 75,435,381 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്ന് ദേശീയ എഇഎഫ്‌ഐ കമ്മിറ്റി വ്യക്തമാക്കുന്നു. ഇതില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ 68,650,819ഉം കോവാക്‌സിന്‍ 6,784,562ഉം ആണ്. 65,944,106 ആദ്യ ഡോസും 9,491,275 സെക്കന്‍ഡ് ഡോസും ആയിരുന്നു. കോവിഡ് 19 വാക്‌സിനേഷന്‍ െ്രെഡവ് ആരംഭിച്ചതുമുതല്‍ രാജ്യത്തെ 753 ജില്ലകളില്‍ 684 ല്‍ നിന്ന് 23,000 ത്തിലധികം പ്രതികൂല സംഭവങ്ങള്‍ കോവിന്‍ പ്ലാറ്റ്‌ഫോം വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.