തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ കെ.കെ ശൈലജയില്ലെന്നാണ് ഏറ്റവും അവസാനമായി വരുന്ന സൂചനകള്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രശസ്തി നേടിയ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജയെ മന്ത്രി സഭയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തിയേക്കുമെന്ന പ്രതീക്ഷ പൊതു സമൂഹത്തിനുണ്ടായിരുന്നു.
എല്ലാവരേയും പുതുമുഖങ്ങളായി ഉള്‍പ്പെടത്തുമ്പോള്‍ കെ.കെ ശൈലജയ്ക്ക് മാത്രം ഇളവ് ലഭിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ശൈലജയ്ക്ക് മാത്രം ഇളവ് നല്‍കേണ്ടെന്ന നിര്‍ണ്ണായക തീരുമാനത്തിലേക്ക് സി.പി.എം എത്തുകയായിരുന്നു. 88 അംഗ സി.പി.എം സംസ്ഥാന സമിതിയില്‍ ഏഴ് പേര്‍ മാത്രമാണ് കെ.കെ ശൈലജ തുടരട്ടേയെന്ന അഭിപ്രായം മുന്നോട്ട് വെച്ചത്.
മന്ത്രിയെന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനം മുന്നോട്ട് വെച്ച നേതാവാണ് ശൈലജ. നിപ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിലടക്കം ശൈലജ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ സംഘടനാ സംവിധാനത്തില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനും നീതിയും പൊതു തീരുമാനവും വേണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ച് നിന്നതോടെ ശൈലജയ്ക്ക് അവസരം നിഷേധിക്കപ്പെടുകയായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി ഘട്ടത്തില്‍ തന്നെ ടേം വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാന്‍ സി.പി.എമ്മിന് സാധിച്ചിരുന്നു. ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നതോടെയാണ് പ്രമുഖരായ തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ മത്സരത്തില്‍ നിന്നും പുറത്ത് പോയത്. ഇപ്പോള്‍ അതേ കര്‍ശന നിലപാടാണ് മന്ത്രി സ്ഥാനത്തേക്കുള്ള കാര്യത്തിലും സി.പി.എം പിന്തുടരുന്നത്.
മന്ത്രിമാരുടെ കാര്യത്തിലുള്ള ഔദ്യോഗിക പത്രക്കുറിപ്പ് സി.പി.എം പുറത്തിറക്കിയിട്ടുണ്ട്. പാര്‍ലമെന്ററി പാര്‍ടി നേതാവായി മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍ , പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെ നിശ്ചയിച്ചു.
സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ടി വിപ്പായി കെ.കെ ശൈലജ ടീച്ചറേയും. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. സംസ്ഥാന സമിതിയ യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവര്‍ പങ്കെടുത്തു.