തിരുവനന്തപുരം: എണ്ണത്തില്‍ കുറവാണെങ്കിലും മല്‍സരിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് യു.ഡി.എഫും കച്ചമുറുക്കി. കൊല്ലം മണ്ഡലത്തില്‍ നിന്ന് ജയിച്ച പി.സി വിഷ്ണുനാഥ് ആണ് യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി.
തൃത്താല മണ്ഡലത്തില്‍ നിന്ന് ജയിച്ച എം.ബി രാജേഷിനെ എല്‍.ഡി.എഫ് നേരത്തെ സ്പീക്കര്‍ സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നു. മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ രാജേഷ് ജയിക്കുമെന്ന് ഉറപ്പാണ്. മറിച്ചുള്ള ഫലത്തിന് യാതൊരു സാധ്യതയുമില്ല.
99 അംഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. യുഡിഎഫിന് 41 അംഗങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ രാജേഷിന്റെ ജയം ഉറപ്പാണ്. യു.ഡി.എഫിനും ഇതറിയാമെങ്കിലും മല്‍സരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ എത്തിയതോടെ യു.ഡി.എഫ് ഒട്ടും പിന്നോട്ടില്ലെന്ന സൂചന കൂടിയാണിത്.
ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട സതീശന്‍ എല്ലാവിധ പിന്തുണയും ആവശ്യപ്പെട്ടു. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സതീശനും രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് വിഷ്ണുനാഥ് ഇത്തവണ ജയിച്ചത്.
15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങി. എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങാണ് ആദ്യം. വള്ളിക്കുന്ന് എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. മെയ് 28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം. ജൂണ്‍ നാലിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആദ്യ ബജറ്റ് അവതരിപ്പിക്കും. വോട്ട് ഓണ്‍ അക്കൗണ്ടും നാല് മാസത്തേക്കുള്ള ധനവിനിയോഗ ബില്ലും പാസാക്കി നിയമസഭ പിരിയുമെന്നാണ് സൂചന.