Monday, January 30, 2023

HomeMain Storyലക്ഷദ്വീപുകാരുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

ലക്ഷദ്വീപുകാരുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

spot_img
spot_img

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണ്. എല്ലാതരത്തിലും കേരളവുമായി ബന്ധപ്പെട്ടവരാണ് ദ്വീപുകാര്‍.

ഇത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായിട്ടാണ് വാര്‍ത്തകളില്‍ കാണുന്നത്. അത് സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകളെന്നും ഇത്തരം നീക്കങ്ങല്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

”ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതീവഗൗരവമുള്ളതാണ്. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. അത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ലക്ഷദ്വീപും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണ്.

ഒരുകാലത്ത് സംസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. നമ്മുടെ പോര്‍ട്ടുകളുമായി അവര്‍ക്ക് വലിയ ബന്ധമാണുള്ളത്. വിദ്യാഭ്യാസത്തിനായും ചികിത്സയ്ക്കായും അവര്‍ ഇങ്ങോട്ടാണ് വരുന്നത്. അങ്ങനെ എല്ലാതരത്തിലും നമ്മുടെ നാടുമായി ബന്ധപ്പെട്ടവരാണ് ദ്വീപുകാര്‍.

ഇത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായിട്ടാണ് വാര്‍ത്തകളില്‍ കാണുന്നത്. അത് സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകള്‍. അത് തീര്‍ത്തും അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കങ്ങല്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് തന്നെയാണ് ശക്തമായ അഭിപ്രായം…” മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പ്രഫുല്‍ കെ പട്ടേലിനെ പുറത്താക്കണമെന്ന് സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും സി.പി.ഐ ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വം രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ദ്വീപിലെ ജനങ്ങള്‍ വലിയ പ്രായസങ്ങളാണ് ഇപ്പോള്‍ നേരിടുന്നത്. പ്രഫുല്‍ കെ പട്ടേലിനെ നിയോഗിച്ചതാണ് ഇതിന് പ്രധാന കാരണമായത്. കേന്ദ്രഭരണ പ്രദേശത്തിന്റെ അധികാരി എന്ന നിലയില്‍ ജനവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊള്ളുന്നത്.

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കാട്ടുന്ന അലംഭാവവും വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും ജനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ജീവനോപാധികള്‍ തടയലും ഉള്‍പ്പെടെ ഇവയില്‍പ്പെടുന്നു. കൂടാതെ പ്രദേശത്തെ ഭൂരിപക്ഷ വിഭാഗത്തിന്റെ സാമുദായിക വികാരങ്ങള്‍ക്കെതിരായ സമീപനങ്ങളും സ്വീകരിക്കുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020ല്‍ വൈറസിനെ ദ്വീപില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് സാധിച്ചിരുന്നു.

അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ചതിന് ശേഷം സമ്പര്‍ക്ക വിലക്ക് ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങളില്‍ വരുത്തിയ ഇളവുകളെ തുടര്‍ന്ന് ഇതിനകം 4000ത്തിലധികം രോഗികളും 20 മരണങ്ങളും ഉണ്ടായിരിക്കുന്നു. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ജനങ്ങളില്‍ ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്.

ജനങ്ങളുടെ പ്രധാന ജീവിതോപാധിയായ മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. മുന്‍ അധികാരികള്‍ സജ്ജീകരിച്ച മത്സ്യശീതീകരണ സംവിധാനങ്ങള്‍ ഇല്ലാതാക്കി.

ഇത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ്. അംഗന്‍വാടികള്‍ അടച്ചുപൂട്ടുകയും വിവിധ വകുപ്പുകളിലെ താല്ക്കാലിക തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.

ഭരിക്കപ്പെടുന്ന ജനങ്ങളുടെ താല്പര്യങ്ങളെയല്ല അഡ്മിനിസ്‌ട്രേറ്റര്‍ പരിഗണിക്കുന്നത് എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. ഈ സാഹചര്യത്തില്‍ ദ്വീപ് വാസികളുടെ ജീവിതം താറുമാറാക്കുന്ന പ്രഫുല്‍ കെ പട്ടേലിനെ ഒഴിവാക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന് ബിനോയ് വിശ്വം കത്തില്‍ ആവശ്യപ്പെട്ടു.

ജനങ്ങള്‍ സമാധാനത്തോടെ അധിവസിക്കുന്ന ലക്ഷദ്വീപ് സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടു. ദ്വീപില്‍ അശാന്തി നിറയ്ക്കാന്‍ വര്‍ഗീയ വിഷംചീറ്റുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍.

പ്രതിരോധിക്കാന്‍ വലിയ ശേഷിയില്ലാത്ത ഒരു ജനവിഭാഗത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്ന നിലപാടുകളാണ് ഇവയെല്ലാം. ഈ ജനവിരുദ്ധ നിലപാടിനെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ഉയരണം.

ലക്ഷദ്വീപില്‍ സംഘപരിവാര്‍ നേതാവായ, ഗുജറാത്തില്‍ നിന്നുള്ള പ്രഫുല്‍ ഘോഡ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചാണ് തുടക്കം. 99 ശതമാനം ഇസ്ലാമിക വിശ്വാസികള്‍ താമസിക്കുന്ന മേഖലയില്‍ അവരുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലപാടുകളാണ് പുതിയ ഭരണത്തില്‍ സ്വീകരിക്കുന്നത്. ബീഫ് നിരോധനം ഇതിന്റെ ഭാഗമാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ കൊ വിഡിനെ ദ്വീപ് അകറ്റി നിര്‍ത്തിയിരുന്നു.

ക്വാറന്റയിന്‍ നിബന്ധനകള്‍ എടുത്തുകളഞ്ഞതോടെ ദ്വീപില്‍ രോഗം വ്യാപിച്ചത് വലിയ ദുരിതമായി. തദ്ദേശിയരെ താല്‍ക്കാലിക ജോലികളില്‍ നിന്നു പിരിച്ചുവിട്ടു. കുറ്റവും കുറ്റവാളികളും ഇല്ലാത്തതിനാല്‍ ജയില്‍ അടഞ്ഞുകിടക്കുന്ന ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കുകയാണ്.

എല്ലാ ആവശ്യങ്ങള്‍ക്കും കേരളവുമായി ബന്ധപ്പെടുന്നത് തടഞ്ഞ്, കര്‍ണാടകയിലെ മംഗലാപുരവുമായി ബന്ധപ്പെടണമെന്ന നിബന്ധന കൊണ്ടുവരുന്നു. ടൂറിസത്തിന്റെ പേരില്‍ ദീപ് കുത്തകകള്‍ക്ക് തീറെഴുതാനുള്ള നിയമ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നു. ജനാധിപത്യത്തെ അധികാരം ഉപയോഗിച്ച് തകര്‍ക്കാനാണ് നീക്കം.

ഏറ്റവും ശാന്തമെന്ന് ഐക്യരാഷ്ട്രസഭ പോലും വിലയിരുത്തിയ മേഖലയെ ആണ് ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. ദ്വീപില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങള്‍ തീര്‍ത്തും അവഗണിക്കുകയാണ്.

നാളെ രാജ്യത്തെ ഏതു മേഖലയ്ക്കു നേരെയും ഇത്തരം കടന്നുകയറ്റം ഉണ്ടാകാം. വര്‍ഗീയതയുടെ പേരില്‍ നാടിനെ കലാപഭൂമിയാക്കി, കുത്തകകള്‍ക്ക് തീറെഴുതുന്നതാണ് സംഘപരിവാര്‍ അജണ്ട. ഈ കടുത്ത ജനവിരുദ്ധതക്കെതിരെ രാജ്യമാകെ പ്രതിഷേധം ഉയരണം. ലക്ഷദ്വീപിലെ സഹോദരങ്ങള്‍ക്കെതിരെ നമുക്ക് ഒന്നിച്ചു പോരാടാമെന്നും ഇപി പറഞ്ഞു.

2020 ഡിസംബറിലാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും ഗുജറാത്തിലെ ബി.ജെ.പി നേതാവുമായ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെടുന്നത്. തുടര്‍ന്നുള്ള അഞ്ചുമാസത്തിനുള്ളില്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജീവിതത്തിന്റെ വെളിച്ചം കെടുത്തുകയായിരുന്നെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളും ദ്വീപില്‍ നിന്നുള്ള പ്രതികരണങ്ങളും.

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം തുടങ്ങിയവ അഡ്മിനിട്രേറ്ററുടെ കീഴിലാക്കി, കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചു, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ദ്വീപ് നിവാസികളെ പിരിച്ചുവിട്ടു, വിദ്യാര്‍ഥികളുടെ ഭക്ഷണ മെനുവില്‍ നിന്നും മാംസാഹാരം ഒഴിവാക്കി, ബീഫ് നിരോധനം നടപ്പിലാക്കി, ദ്വീപില്‍ ഉണ്ടായിരുന്ന മദ്യനിരോധനം ഒഴിവാക്കി, തുടങ്ങിയ കാര്യങ്ങളാണ് ദ്വീപില്‍ പ്രഫുല്‍ പട്ടേല്‍ വന്നശേഷം നടപ്പിലായത്.

99 ശതമാനം മുസ്ലീംവിഭാഗം താമസിക്കുന്ന ദ്വീപില്‍, ഹിന്ദുത്വ അജണ്ടകളാണ് പ്രമുലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്. ചരക്കുഗതാഗതത്തിനും മറ്റും ബേപ്പൂരിനെ ആശ്രയിക്കുന്നതും പ്രഫുല്‍ പട്ടേല്‍ ഒഴിവാക്കി. മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനമാണ് പ്രഫുല്‍ സ്വീകരിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments