എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് സംഘം. ഇത് ലഭിച്ചാലുടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞടക്കമുള്ള 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
കുറ്റകൃത്യം നടന്ന കാലയളവില്‍ മന്ത്രിയായിരുന്നതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറില്‍ നിന്നാണ് അനുമതി ലഭിക്കേണ്ടത്. കൂട്ടുപ്രതികളായ ടി.ഒ സൂരജ്, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായതിനാല്‍ കേന്ദ്രസര്‍ക്കാരാണ് അനുമതി നല്‍കേണ്ടത്. ഉദ്യോഗസ്ഥരായ മറ്റ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്ന് അനുമതി കിട്ടണം.
പാലാരിവട്ടം പാലം നിര്‍മാണകരാര്‍ ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കാന്‍ വി.കെ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ആര്‍.ഡി.എസ് ഉടമ സുമിത് ഗോയലുമായി നേരിട്ടായിരുന്നു ഇബാഹിം കുഞ്ഞിന്റെ ക്രമവിരുദ്ധ ഇടപെടലുകള്‍.
ചട്ടവിരുദ്ധമായി ടെന്‍ഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാല്‍ കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആര്‍.ഡി.എസ് പ്രൊജക്ട് ലിമിറ്റഡിന് നല്‍കി. 14 മുതല്‍ 17 ശതമാനം പലിശക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ ലോണ്‍ നല്‍കുമ്പോള്‍ നിര്‍മാണ കമ്പനിക്ക് അഡ്വാന്‍സ് നല്‍കിയത് ഏഴ് ശതമാനം പലിശക്കാണ്. പലിശയിളവ് നല്‍കിയതില്‍ നഷ്ടം 85 ലക്ഷം രൂപയാണ്. പാലം നിര്‍മാണത്തിലെ ഡിസൈനിലും ഗുണനിലവാരത്തിലുമുള്ള ക്രമക്കേട് മൂലം പൊതുഖജനാവിന് 13 കോടിയുടെ നഷ്ടവുമുണ്ടായി.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നാലര കോടിയുടെ കണക്കില്‍ പെടാത്ത നിക്ഷേപം ഉണ്ടെന്ന് ആദായ നികുതി വകുപ്പ് 2017ല്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നടപടി ഒഴിവാക്കാന്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചു.
നികുതി വെട്ടിച്ചതില്‍ പിഴ ഒടുക്കിയതിന്റെയും രസീതുകള്‍ മന്ത്രിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തുകയുണ്ടായി. രണ്ടേകാല്‍ കോടി നികുതി കുടിശ്ശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലന്‍സിനു ലഭിച്ചു. നാലേകാല്‍ കോടിയുടെ ഉറവിടം എവിടെന്നു പറയാന്‍ കഴിഞ്ഞിട്ടില്ല.