തിരുവനന്തപുരം: ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കിയത് പുനപ്പരിശോധിക്കും. പുരസ്‌കാര നിര്‍ണയ സമിതിയുടെ നിര്‍ദേശ പ്രകാരമാണിത്.
മീ ടു ആരോപണത്തില്‍ ഉള്‍പ്പെട്ട വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി സാംസ്‌കാരിക, സിനിമാ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുറ്റാരോപിതനായ ഒരാളെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് പുനരാലോചനക്ക് വിധേയമാക്കണമെന്നും കല ഒരിക്കലും പീഡനങ്ങള്‍ക്ക് മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ വ്യുമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി) പ്രതികരിച്ചിരുന്നു.
പുരസ്‌കാര നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുനപ്പരിശോധനാ നടപടിയെന്ന് ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. വൈരമുത്തുവിനെതിരെ നേരത്തെ മീടു ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നിരുന്നു.
മുന്‍കാലങ്ങളില്‍ എം.ടി, സുഗതകുമാരി, അക്കിത്തം, ലീലാവതി എന്നിവരെ പോലുള്ള പ്രതിഭകള്‍ക്ക് നല്‍കിയ അംഗീകാരം ലൈംഗികാരോപണക്കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് നല്‍കുന്നതിനെ അപലപിക്കുന്നുവെന്നാണ് ഡ.ബ്ല്യു.സി.സി നേരത്തെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയത്.
കെ.ആര്‍ മീര, നടി പാര്‍വതി തിരുവോത്ത് എന്നിവരും തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമാണ് വൈരമുത്തു.