തിരുവനന്തപുരം: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റുമെന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താന്‍ സ്വയം പിന്മാറുമായിരുന്നെന്ന് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം ഞാന്‍ അറിഞ്ഞില്ലെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. അതേസമയം, ചെന്നിത്തലയുടെ പുതിയ കത്ത് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വി.ഡി സതീശനെ യു.ഡി.എഫ് ചെയര്‍മാനായി തിരഞ്ഞെടുത്ത മുന്നണി യോഗത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തിയില്ലെന്നത് ശ്രദ്ധേയമാണ്.
അതേസമയം യു.ഡി.എഫ് ഏകോപന സമിതി യോഗം നടക്കാനിരിക്കെ കെ.പി.സി.സി ആസ്ഥാനത്ത് പരസ്യ പ്രതിഷേധം. ‘കെ സുധാകരനെ വിളിക്കൂ…കോണ്‍ഗ്രസിനെ രക്ഷിക്കൂ…’ എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഈരാറ്റുപേട്ട കമ്മിറ്റിയുടെ പേരിലാണ് പ്രവര്‍ത്തകര്‍ പോസ്റ്ററും ഫ്‌ലക്‌സുമായി എത്തിയത്.
അതിനിടെ കെ സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എത്തി ഫ്‌ളക്‌സ് പിടിച്ചുവാങ്ങി വലിച്ചുകീറി. സുധാകരന്‍ ഗ്രൂപ്പില്‍ പെട്ടവരല്ല പ്രതിഷേധം നടത്തിയത് എന്ന് ആരോപിച്ച് സ്റ്റാഫ് അംഗങ്ങളും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. സ്ഥിതി വഷളായതോടെ ഫ്‌ലക്‌സുമായി പ്രതിഷേധിക്കാന്‍ എത്തിയവര്‍ ഓടി രക്ഷപ്പെട്ടു.