കൊച്ചി: സ്ത്രീധനം എന്ന വിപത്ത് വിസ്മയയുടെ എല്ലാ ആശകളും നശിപ്പിച്ചെന്ന് കോടതി. ഏറെ പ്രതിക്ഷയോടെയാണ് വിസ്മയ വൈവാഹിക ജീവിതത്തിലേക്ക് കടന്നത്.
ആ പ്രതീക്ഷ പ്രതി തല്ലി തകര്‍ത്തെന്നും കോടതി പറഞ്ഞു. ഭാര്യ ഒരിക്കലും ഭര്‍ത്താവിന്റെ കയ്യിലെ കളിപ്പാവ അല്ല. വൈവാഹിക ജീവിതത്തില്‍ നിന്ന് സന്തോഷം ലഭിക്കില്ല എന്ന് കണ്ടതോടെയാണ് വിസ്മയ മരണത്തെ വരിച്ചത്. മനുഷ്യന് കൊടുക്കേണ്ട അന്തസ്സ് പോലും പ്രതി കൊടുത്തില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതിക്ക് ദാക്ഷിണ്യം നല്‍കേണ്ടതില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയതിനാല്‍ വിവാഹ മാര്‍ക്കറ്റില്‍ നല്ല വില കിട്ടുമെന്ന് പ്രതി കരുതി. ഇത് വളരെ ഗൗരവതരമായ കാര്യമെന്നും കോടതി പറഞ്ഞു.
ചൂടേറിയ വാദപ്രതിവാദങ്ങളാണ് വിസ്മയ കേസില്‍ കോടതിയില്‍ നടന്നത്. കിരണ്‍കുമാറിനുള്ള ശിക്ഷ സമൂഹത്തിന് സന്ദേശമാകണമെന്നും നാളെ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചു. പ്രതിക്ക് ജീവപര്യന്തം വിധിക്കരുതെന്നും പരിഷ്‌കൃത സമൂഹത്തില്‍ ലോകത്തെവിടെയും അത്മഹത്യ പ്രേരണയില്‍ ജീവപര്യന്തം നല്‍കിയിട്ടില്ലെന്നും പ്രതിക്ക് സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നു എന്ന കാര്യവും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. അച്ഛന്‍ രോഗിയാണ് ഏതു നിമിഷവും അപകടം ഉണ്ടാകാം. അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണം എന്നായിരുന്നു കിരണ്‍ കുമാറിന്റെ ആവശ്യം.
എന്നാല്‍ സ്ത്രീധന പീഡന മരണത്തില്‍ കിരണ്‍കുമാറിന് ലഭിച്ചത് പത്ത് വര്‍ഷത്തെ കഠിന തടവാണ്. ഐ.പി.സി.306 പ്രകാരം ആറ് വര്‍ഷവും, സ്ത്രീധന പീഡനത്തിന് 498 എ പ്രകാരം രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും ലഭിച്ചു. സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള മൂന്ന് നാല് വകുപ്പുകളില്‍ ഏഴ് വര്‍ഷം തടവുമുണ്ട്. ശിക്ഷാ കലാവധി ഒരു അനുഭവിച്ചാല്‍ മതി. വിവിധ കുറ്റങ്ങളിലായി പന്ത്രണ്ടര ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുകയില്‍ നിന്ന് രണ്ട് ലക്ഷ രൂപ വിസ്മയയുടെ അമ്മക്ക് നല്‍കണം.