തിരുവനന്തപുരം: ബാലരാമപുരം മതപഠന കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പെണ്‍കുട്ടി മരിക്കുന്നതിന് ആറ് മാസം മുൻപ് പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. പൂന്തുറ സ്വദേശിയായ യുവാവിനെതിരെയാണ് കേസെടുത്തത്.
മതപഠനശാലയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. യുവാവുമായുള്ള പെണ്‍കുട്ടിയുടെ അടുപ്പം വീട്ടുകാര്‍ കണ്ടെത്തുകയും തുടര്‍ന്ന് മതപഠനശാലയിലേക്ക് പെണ്‍കുട്ടിയെ മാറ്റുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി കടുത്ത മാനസിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ട്.
തിരുവനന്തപുരം ബാലരാമപുരത്തുളള ഖദീജത്തുള്‍ ഖുബ്ര വനിത അറബിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അസ്മിയ മോളെയാണ് സ്ഥാപനത്തിന്റെ ലൈബ്രറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് അസ്മിയ വീട്ടിലേക്ക് വിളിച്ചിരുന്നു. തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണം എന്ന് അസ്മിയ ഉമ്മയോട് ആവശ്യപ്പെട്ടിരുന്നു. സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും വഴക്ക് പറഞ്ഞെന്നായിരുന്നു ഉമ്മയോട് അസ്മിയ പറഞ്ഞത്.
ഇതോടെ അസ്മിയയുടെ ഉമ്മ ഉടൻ തന്നെ സ്ഥാപനത്തിലേക്ക് തിരിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും അസ്മി ആത്മഹത്യ ചെയ്തുവെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. പ്രാഥമിക പോസ്റ്റുമോര്‍ട്ടം ഫലത്തില്‍ ആത്മഹത്യയെന്നായിരുന്നു നിഗമനം. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ മതപഠനശാലക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്.