പൂഞ്ഞാര്‍: സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകള്‍ വീതം യുഡിഎഫും എല്‍ഡിഎഫും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. നാലു വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ മൂന്നു സീറ്റുകള്‍ യുഡിഎഫും പിടിച്ചെടുത്തു.
ഉപതിരഞ്ഞെടുപ്പ് നടന്നതില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫിന്റെയും ഏഴ് സീറ്റുകള്‍ യുഡിഎഫിന്റെയും രണ്ട് സീറ്റുകള്‍ ബിജെപിയുടെയും സിറ്റിങ് സീറ്റുകളായിരുന്നു. ഒരെണ്ണം ജനപക്ഷത്തിന്റേതായിരുന്നു.
കോട്ടയം പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലത്ത് ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതിനു പുറമേ കോഴിക്കോട് പുതുപ്പാട് കണലാട് വാര്‍ഡ്, എറണാകുളം നെല്ലിക്കുഴി ആറാം വാര്‍ഡ്, അഞ്ചല്‍ തഴമേല്‍,പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാര്‍ഡ് എന്നിവ എല്‍ഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട മൈലപ്ര 5ാം വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.